കണ്ണൂർ: പാൽചുരത്തിലുണ്ടായ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങിയതോടെ, സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാതെ ആദിവാസി കുഞ്ഞ് മരിച്ചു. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതിമാരുടെ മൂന്നരവയസ്സുള്ള മകന് പ്രജുൽ ആണ് മരിച്ചത്. ജന്മനാ തലച്ചോർ സംബന്ധമായ രോഗബാധിതനാണ് പ്രജുൽ.
ഇന്നലെ അർധരാത്രി 12 ഓടെയായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കിൽ പെട്ട് മുക്കാൽ മണിക്കൂറോളം വൈകിയാണ് താഴെ പാൽച്ചുരത്ത് എത്താനായത്. പാൽചുരത്തിലും ഒരു മണിക്കൂറോളം ആംബുലൻസ് കുടുങ്ങി.ഏഴുകിലോമീറ്റർ ദൂരം പരമാവധി ഒൻപതുമിനിറ്റ് കൊണ്ട് എത്തേണ്ട ആംബുലൻസ് കുരുക്കിൽപ്പെട്ട് വൈകുകയായിരുന്നു.
കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കിൽ ആംബുലൻസും പെടുകയായിരുന്നു. തുടർന്ന് കുട്ടിയുമായി മാനന്തവാടി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ചുരത്തിലെ ഗതാഗതക്കുരുക്കിലും പെട്ടു. വീണ്ടും ഒരുമണിക്കൂർ വൈകിയതോടെയാണ് കുട്ടി മരിച്ചത്.