ഇസ്രയേലില്‍ വീണ്ടും ആക്രമണം; ഹൈഫ ആക്രമിച്ച്‌ ഇറാൻ, ഗാസയില്‍ നിന്ന് റോക്കറ്റ് ആക്രമണമുണ്ടായെന്ന് ഐഡിഎഫ്

തെക്കൻ ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായെന്ന് ഐഡിഎഫ്. ടെല്‍ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കിയതാണ് ഇന്ന് ഇറാന്‍റെ ആക്രമണമുണ്ടായത്.

തുറമുഖ നഗരമായ ഹൈഫയില്‍ ഇറാന്‍റെ മിസൈല്‍ പതിച്ചതായി റിപ്പോർട്ടുകള്‍ വരുന്നു. ഹൈഫയില്‍ നിന്നും വൻ തീപിടിത്തത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. നാല് പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോർട്ട്.

അതേസമയം ഇസ്രയേലില്‍ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാന്‍റെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേല്‍ വ്യോമസേന ആക്രമിച്ച്‌ തകർത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇതുവരെ ഭേദിച്ചതില്‍ ഏറ്റവും ദൈർഘ്യമേറിയ ലക്ഷ്യമാണത്.

അതിനിടെ ടെഹ്റാന്റെ വ്യോമാതി‍ർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇനി മിസൈലുകള്‍ വിക്ഷേപിച്ചാല്‍ ടെഹ്റാൻ കത്തുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇസ്രയേലിന്‍റെ അവകാശവാദത്തോട് ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല. അമേരിക്ക - ഇറാൻ ചർച്ചകള്‍ അ‍ർത്ഥ ശൂന്യമാണെന്ന് ഇറാനും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനും ഇസ്രയേലും തമ്മില്‍ ഒരു കരാറുണ്ടാക്കണം എന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. തന്‍റെ ഇടപെടല്‍ പല സംഘർഷഭരിത രാജ്യങ്ങള്‍ക്കിടയിലും സമാധാനത്തിന് കാരണമായെങ്കിലും തനിക്ക് ഒരിക്കലും അംഗീകാരം ലഭിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍, കഴിഞ്ഞ മാസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തല്‍ സംബന്ധിച്ച തന്‍റെ അവകാശവാദവും ഡോണള്‍ഡ് ട്രംപ് ആവർത്തിച്ചു.

ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് എംബസി വീണ്ടും മുന്നറിയിപ്പ് നല്‍കി. ടെല്‍ അവീവിലെ ഇന്ത്യൻ എംബസിയാണ് ജോലിക്കാർ, വിദ്യാർത്ഥികള്‍, വ്യാപാരികള്‍ അടക്കമുള്ള ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിർദേശം നല്‍കി. നിരന്തരമായി പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെ എംബസി നിരീക്ഷിക്കുന്നുണ്ടെന്നും ഇസ്രയേല്‍ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വാർത്താ കുറിപ്പില്‍ വിശദമാക്കി.

ഇസ്രയേല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം. അനാവശ്യമായി സഞ്ചരിക്കരുതെന്നും നല്‍കിയ നി‍ർദേശങ്ങള്‍ സൂക്ഷ്മമായി പാലിക്കണമെന്നും എംബസി എക്സിലൂടെ പുറത്ത് വിട്ട വാർത്താ കുറിപ്പില്‍ വിശദമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് എംബസിയുടെ പ്രഥമ പരിഗണനയെന്നും എന്ത് സഹായത്തിനും ബന്ധപ്പെടണമെന്നും എംബസി പറഞ്ഞു. സഹായത്തിനായി ബന്ധപ്പെടേണ്ട നമ്ബറുകളും എംബസി വിശദമാക്കി. 24 മണിക്കൂറും ലഭ്യമായ രണ്ട് ഹെല്‍പ് ലൈൻ നമ്ബറുകളാണ് എംബസി നല്‍കിയിട്ടുള്ളത്. +972547520711/ +972543278392
Previous Post Next Post