പുതിയ പൊലീസ് മേധാവി ആര്? നിര്‍ണായക യോഗം നാളെ

ന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം നാളെ നടക്കും. കേരളത്തിൽ നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പൊലീസ് മേധാവിയും യോഗത്തിൽ പങ്കെടുക്കും. യോഗത്തിന് ശേഷം മൂന്നുപേരുടെ ചുരുക്കപ്പട്ടിക സംസ്ഥാന സർക്കാരിന് നൽകും.


ചുരുക്കപ്പട്ടിക സീൽ ചെയ്ത കവറിൽ മുഖ്യമന്ത്രിക്ക് കൈമാറാനായി ചീഫ് സെക്രട്ടറിയുടെ പക്കൽ കൊടുത്തുവിടുകയാണ് പതിവ്. അല്ലെങ്കിൽ സംസ്ഥാനം ചുമതലപ്പെടുത്തുന്ന ദൂതന് കൈമാറും. പട്ടിക മന്ത്രിസഭയിൽ വെച്ചശേഷമാകും പുതിയ പൊലീസ് മേധാവിയെ പ്രഖ്യാപിക്കുക.


അതല്ലെങ്കിൽ മുഖ്യമന്ത്രിക്ക് തന്നെ തീരുമാനമെടുക്കാനുള്ള വ്യവസ്ഥയുമുണ്ട്. സംസ്ഥാനത്തെ മുതിർന്ന് ആറ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് കേരളം പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമർപ്പിച്ചിട്ടുള്ളത്. ഗതാഗത കമ്മീഷണർ നിതിൻ അഗർവാൾ ആണ് പട്ടികയിലെ ഒന്നാമൻ. നിലവിൽ ഐബി ഡെപ്യൂട്ടി ഡയറക്ടറായ രവാഡ ചന്ദ്രശേഖറാണ് പട്ടികയിൽ രണ്ടാമതുള്ളത്.


ഫയർഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ ഉപമേധാവി സുരേഷ് രാജ് പുരോഹിത്, പൊലീസ് ബറ്റാലിയൻ എഡിജിപി എം ആർ അജിത് കുമാർ എന്നിവരാണ് ആറംഗ പട്ടികയിൽ ഇടംപിടിച്ച മറ്റ് ഉദ്യോഗസ്ഥർ. ഇതിൽ നിതിൻ അഗർവാളും റവാഡ ചന്ദ്രശേഖറും അടുത്ത വർഷം വിരമിക്കും. പൊലീസ് മേധാവി പദവി ലഭിച്ചാൽ ഒരു വർഷം കൂടി സർവീസ് നീട്ടിക്കിട്ടും.


സർക്കാർ സമർപ്പിച്ച പട്ടികയിലെ ഒന്നാമത്തെയാളും, മറ്റ് ആരോപണങ്ങൾ ഒന്നുമില്ലാത്ത ഓഫീസർ എന്നതും നിതിൻ അഗർവാളിന് സാധ്യത കൂട്ടുന്നു. ഡൽഹി സ്വദേശിയായ നിതിൻ അഗർവാൾ ബിഎസ്എഫ് മേധാവി പദവിയിൽ നിന്നാണ് കേരള കേഡറിലേക്ക് തിരിച്ചെത്തിയത്. ഈ മാസം 30 നാണ് നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്ന ചടങ്ങിൽ തന്നെ പുതിയ പൊലീസ് മേധാവിക്ക് അധികാരക്കൈമാറ്റവും നടക്കും.

Previous Post Next Post