'ഇസ്രയേലിന്റെ ഗര്‍ജ്ജനം ടെഹ്‌റാനെ പിടിച്ചുകുലുക്കി'; ചരിത്ര വിജയം നേടിയെന്ന് നെതന്യാഹു

 ടെൽ അവീവ്: ഇറാനെതിരേ ചരിത്രവിജയം നേടാനായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ വിജയം തലമുറകളോളം ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു. ഞങ്ങള്‍ ഒരു സിംഹത്തെപ്പോലെ ഉണര്‍ന്നു. ഇസ്രയേലിന്റെ ഗര്‍ജ്ജനം ടെഹ്‌റാനെ പിടിച്ചുകുലുക്കി. ഈ യുദ്ധം ലോകത്തെ സൈന്യങ്ങള്‍ പഠന വിഷയമാക്കും. നെതന്യാഹു പറഞ്ഞു.


ആണവ ഭീഷണിയും ബാലിസ്റ്റിക് മിസൈല്‍ ഭീഷണിയും ഉള്‍പ്പെടെ രണ്ട് ഭീഷണികളാണ് ഇസ്രയേൽ ഇല്ലാതാക്കിയത്. ഞങ്ങള്‍ നടപടിയെടുത്തിരുന്നില്ലെങ്കില്‍ അപകടം നേരിടേണ്ടി വരുമായിരുന്നു. ആണവ ശാസ്ത്രജ്ഞര്‍, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഇറാന്റെ മുതിര്‍ന്ന സേനാ നേതാക്കളെയെല്ലാം ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ്) ഇല്ലാതാക്കി. ഇസ്ഫഹാനിലെയും നതാന്‍സിലെയും അരാകിലെയും ആണവകേന്ദ്രങ്ങള്‍ നശിപ്പിച്ചു. ഇറാന്റെ ആണവപദ്ധതിയെ ഇസ്രയേല്‍ നശിപ്പിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു.

ഇറാനില്‍ ഇനി ആരെങ്കിലും ആണവപദ്ധതി പുനസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ഇതേ നിശ്ചയദാര്‍ഢ്യത്തോടെയും ഇതേ കരുത്തോടെയും ആ ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും നെതന്യാഹു പറഞ്ഞു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇടപെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിച്ച നെതന്യാഹു, അദ്ദേഹത്തിന് നന്ദി അറിയിച്ചു. ട്രംപ് ഞങ്ങള്‍ക്കൊപ്പം നിന്നു. യുഎസ് സൈന്യം ഫൊര്‍ദോയിലെ ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രം തകര്‍ത്തുവെന്നും നെതന്യാഹു പറഞ്ഞു.


വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി ഇസ്രയേല്‍ സൈന്യവും നേരത്തേ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇറാന്‍ വെടിനിര്‍ത്തല്‍ കരാർ പാലിക്കുന്നിടത്തോളം കാലം ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ മാനിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. സ്രയേലിന്റെ ആക്രമണം ഇറാന്റെ ആണവപദ്ധതിയെ വർഷങ്ങളോളം പിന്നോട്ടാക്കിയെന്ന് ഇസ്രയേൽ സൈനിക മേധാവി പറഞ്ഞു. വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രയേലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇസ്രയേൽ അധികൃതർ വ്യക്തമാക്കി.

Previous Post Next Post