തിരുവനന്തപുരം: മിൽമ പാൽവില വർധിപ്പിക്കുന്നത് സംബന്ധിച്ച ശുപാർശ സമർപ്പിക്കുന്നതിന് തിരുവനന്തപുരം മേഖല യൂണിയൻ ഇന്ന് യോഗം ചേരും. നിലവിൽ എറണാകുളം മേഖല യൂണിയൻ മാത്രമാണ് മിൽമ ചെയർമാന് ശുപാർശ നൽകിയത്.
പാൽവില ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്നാണ് എറണാകുളം മേഖല യൂണിയൻ ശുപാർശ നൽകിയിട്ടുള്ളത്. മൂന്നു മേഖലകളുടേയും നിർദേശം പരിഗണിച്ചശേഷം 30 ന് ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം പാൽവില വർധന സംബന്ധിച്ച് തീരുമാനമെടുക്കും.
പാൽവില കൂട്ടേണ്ടി വരുമെന്ന് നേരത്തെ മിൽമ ചെയർമാൻ കെ എസ് മണി സൂചിപ്പിച്ചിരുന്നു. വിവിധ മേഖലാ യൂണിയനുകളുടെ അഭിപ്രായം കൂടി ചർച്ച ചെയ്ത് സർക്കാരിലേക്ക് ശുപാർശ നൽകും. വില കൂട്ടിയാലുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കൂടി മനസിലാക്കിയുള്ള തീരുമാനമുണ്ടാവുമെന്നും മണി പറഞ്ഞു. വില ഉയർത്താൻ മിൽമ തീരുമാനിച്ചാലും സർക്കാരിൻറെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.