ഒഴുക്കില്‍പ്പെട്ട് കാണാതായ (Missing Man) വയോധികന്റെ മൃതദേഹം പത്താം ദിവസം കണ്ടെത്തി. തോട്ടില്‍ വീണ തേങ്ങയെടുക്കാൻ ശ്രമിക്കുന്നതിനിടെ മീനടം കാട്ടുമറ്റത്തില്‍ ഈപ്പൻ തോമസ് (കുഞ്ഞ് 66) ആണ് ഒഴുക്കില്‍പ്പെട്ടത്.
9 ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. അപകടത്തില്‍പ്പെട്ട സ്ഥലത്തു നിന്ന് നാല് കിലോമീറ്ററോളം ദൂരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം എമർജൻസി കേരള അംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്.
വെള്ളം ഇറങ്ങിത്തുടങ്ങിയ തോട്ടില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. തോടിനു കുറുകെ കിടന്ന മരത്തിനു സമീപം ഉടക്കി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മെയ് 31നു വൈകീട്ട് 3.30ഓടെ മീനടം ചക്കുങ്കല്‍പ്പടിയിലാണ് അപകടമുണ്ടായത്. പുരയിടത്തില്‍ തേങ്ങയിടുന്നുണ്ടായിരുന്നു. അതിനിടെ ഒരു തേങ്ങ തോട്ടിലേക്ക് വീണു. ഇതെടുക്കാൻ ഇറങ്ങിയപ്പോഴാണ് ഈപ്പൻ തോമസ് ഒഴുക്കില്‍പ്പെട്ടത്.
കോട്ടയം, പാമ്ബാടി എന്നിവിടങ്ങളില്‍ നിന്നു അഗ്നിരക്ഷാ സേനയെത്തിയും തിരച്ചില്‍ നടത്തി. ഇന്ന് വൈകീട്ടോടെ ചക്കാലക്കടവിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സൂസൻ തോമസാണ് മരിച്ച ഈപ്പൻ തോമസിന്റെ ഭാര്യ. മക്കള്‍: ടോം സ്റ്റീഫൻ (ഓസ്ട്രേലിയ), ജേക്കബ് സ്റ്റീഫൻ (മുംബൈ). മരുമകള്‍: സ്റ്റെഫി (കൂത്താട്ടുകുളം). മൃതദേഹം ഇന്ന് 11.30ഓടെ മീനടം ആശുപത്രിപ്പടിയിലുള്ള വീട്ടിലെത്തിക്കും. മീനടം സെയ്ന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.