കണ്ടെയ്‌നറുകള്‍ അടുത്ത മൂന്ന് ദിവസത്തിൽ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ്

കേരള തീരത്ത് അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 (WAN HAI 503)കപ്പലിലെ കണ്ടെയ്‌നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്ര (INCOIS) ത്തിന്റെ മുന്നറിയിപ്പ്.

കണ്ടെയ്‌നറുകള്‍ തെക്കുകിഴക്കന്‍ ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത. അതിന്റെ ഭാഗമായി ചില കണ്ടെയ്‌നറുകള്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്തടിയാനാണ് സാധ്യത. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം. കോസ്റ്റ് ഗാർഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാൻ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോർട്ടുകളുണ്ട്.തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല. മംഗളൂരുവില്‍നിന്നും ബേപ്പൂരില്‍നിന്നും രണ്ടു വീതം കപ്പലുകളാണ് അപകടം നടന്ന സ്ഥലത്തേക്ക് പോയത്.

കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്നു 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനു പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു. ചികിത്സ നല്‍കുന്നതിനുള്ള ക്രമീകരണങ്ങളുള്ള വലിയ കപ്പലാണിത്. ബേപ്പൂര്‍ തുറമുഖം ചെറുതായതിനാല്‍ കപ്പല്‍ അവിടേക്ക് അടുപ്പിക്കാന്‍ സാധിക്കില്ല.
സാരമായി പരുക്കേറ്റവരെ ഈ കപ്പലിലേക്ക് മാറ്റും. അപകട സ്ഥലത്തുനിന്നു മംഗളൂരുവിലെത്താന്‍ ഏകദേശം 5 മണിക്കൂര്‍ വേണ്ടി വരും. കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. ആളുകളെ രക്ഷിക്കുക എന്നതിനാണു പ്രഥമ പരിഗണന നല്‍കുന്നതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.
Previous Post Next Post