അറബി കടലില്‍ കേരള തീരത്തിന് അടുത്ത് തീ പിടിച്ച ചരക്ക് കപ്പലിനെ പൂര്‍ണമായി തീ വിഴുങ്ങുന്നു. കപ്പല്‍ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുകയാണ്.
കപ്പലിന്റെ പ്രൈമറി ഡെക്കിലെ ഒരു കണ്ടെയ്‌നറില്‍ ഉണ്ടായ പൊട്ടിത്തെറിയിലൂടെ ഉണ്ടായ തീ മറ്റുകണ്ടെയ്‌നറുകളിലേക്കും പടര്‍ന്നു. ഇതോടെ, ലൈഫ് ബോട്ടിലും ലൈഫ് റാഫ്റ്റുകളിലുമായി ജീവക്കാര്‍ രക്ഷപ്പെട്ടു. ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ട 18 ജീവനക്കാരില്‍ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. രണ്ട് തായ് വാന്‍കാരെയും ഒരു ഇന്തോനേഷ്യക്കാരനെയും ഒരു മ്യാന്‍മറുകാരനെയുമാണ് കാണാതായത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ നാവികസേനയുടെ ഡോര്‍ണിയര്‍ വിമാനം സ്ഥലത്ത് ചുറ്റി പറക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ഐഎന്‍എസ് സൂററ്റിലാണ് രക്ഷപ്പെട്ട 18 ജീവനക്കാരും ഉള്ളത്. ഇവരെ രാത്രിയോടെ മംഗലാപുരം തീരത്തെത്തിക്കും.
22 ജീവനക്കാരുമായി ജൂണ്‍ ആറിനാണ് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് നിന്ന് സിംഗപ്പൂര്‍ പതാക വഹിക്കുന്ന ചരക്ക് കപ്പല്‍ വാന്‍ ഹായ് 503 മുംബൈയിലെ നവഷേവ തുറമുഖം ലക്ഷ്യമാക്കി പുറപ്പെട്ടത്. അഴീക്കലിനും ബേപ്പൂരിനുമിടയില്‍ അന്തര്‍ദേശീയ കപ്പല്‍ പാതയിലാണ് ചരക്ക് കപ്പലില്‍ തീപിടിത്തവും പൊട്ടിത്തെറിയുണ്ടായത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. ക്യാപ്റ്റനടക്കം 18 പേരെ ഇന്ത്യന്‍ നേവിയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി.