കേരളത്തിൽ ഗർഭഛിദ്രം കുത്തനെ കൂടി, ഒൻപതു വർഷത്തിനിടെ 76% വർധന

കൊല്ലം: കഴിഞ്ഞ ഒമ്പത് വർഷത്തിത്തിനിടെ കേരളത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകുന്നവരുടെ എണ്ണത്തിൽ 76%ത്തിലധികം വർധന. 2023- 24 ൽ സംസ്ഥാനത്ത് 30,037 ഗർഭഛിദ്രങ്ങൾ റിപ്പോർട്ട് ചെയ്തതായി ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിലെ (എച്ച്എംഐഎസ്) കണക്കുകൾ വ്യക്തമാക്കുന്നു. 2014-15 ൽ ഇത് 17,025 ആയിരുന്നു.


ഒൻപതു വർഷത്തിനിടെ ഗർഭഛിദ്രത്തിൻറെ എണ്ണത്തിൽ 76.43 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ 21, 282 ഗർഭഛിദ്രങ്ങൾ നടന്നു. സർക്കാർ ആശുപത്രികളിൽ 8,755 ഗർഭഛിദ്രങ്ങളാണ് നടന്നിട്ടുള്ളത്.


സ്വാഭാവിക ഗർഭഛിദ്രവും ബോധപൂർവമായ ഗർഭഛിദ്രവും ഡാറ്റയിലുൾപ്പെടുത്തിയിട്ടുണ്ട്. 2023-24 ൽ സംസ്ഥാനത്ത് 20,179 ബോധപൂർവമായ ഗർഭഛിദ്രം നടത്തിയിട്ടുണ്ട്. 9,858 സ്വാഭാവിക ഗർഭഛിദ്രമാണ് ഈ കാലയളവിൽ നടത്തിയിട്ടുള്ളത്. 2014-15 വർഷം പൊതു, സ്വകാര്യ ആശുപത്രികളിൽ നടത്തിയിട്ടുള്ള ഗർഭഛിദ്രങ്ങളുടെ കണക്ക് ഏകദേശം തുല്യമാണെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. യഥാക്രമം 8,324 ഉം 8701 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ 2015-2016 മുതൽ സ്വകാര്യ ആശുപത്രികളിൽ ഉയർന്ന തോതിലുള്ള കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2015-16 മുതൽ 2024-25 വരെ കേരളത്തിൽ ആകെ 1,97,782 ഗർഭഛിദ്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ 67,004 കേസുകൾ മാത്രമാണ് സർക്കാർ ആശുപത്രികളിൽ നടന്നത്. ഈ കാലയളവിൽ സ്വകാര്യ ആശുപത്രികളിൽ 1,30,778 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.


ബോധപൂർവമായ ഗർഭഛിദ്രങ്ങളിൽ ക്രമാനുഗതമായ വർധന ഉണ്ടായതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഗർഭഛിദ്രത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിലുണ്ടായ വർധനവിൽ ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അവർ എടുത്തു പറഞ്ഞു. മെച്ചപ്പെട്ട സൗകര്യങ്ങളും സ്വകാര്യതയും കാരണം ഇപ്പോൾ കൂടുതൽ രോഗികൾ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഇഷ്ടപ്പെടുന്നതെന്ന് തിരുവനന്തപുരത്തെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. സീമ പറഞ്ഞു.


ബോധപൂർവമായ ഗർഭഛിദ്രങ്ങളുടെ വർധന സ്ത്രീകൾ അവരുടെ ശരീരത്തിന് മേൽ കൂടുതൽ നിയന്ത്രണം നേടുന്നതിന്റെ സൂചനയാണെന്ന് കോട്ടയം സിഎംഎസ് കോളജിലെ സോഷ്യോളജി വിഭാഗത്തിലെ സീനിയർ ഫാക്കൽറ്റി അംഗം അമൃത റിനു എബ്രഹാം പറഞ്ഞു.

Previous Post Next Post