താൻ വിദ്യാസമ്പന്ന, കമ്പനിയില്‍ അച്ഛനും ഭര്‍ത്താവിനും പങ്കില്ല, ലഭിച്ചത് ഐടി സേവനങ്ങൾക്കുള്ള പ്രതിഫലം; വീണ ഹൈക്കോടതിയില്‍

കൊച്ചി: എക്‌സാലോജിക് കമ്പനി സിഎംആർഎലിന് ഐടി സേവനങ്ങൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ ( Veena ). ഐടി സേവനങ്ങൾക്കുള്ള പ്രതിഫലം ബാങ്ക് വഴിയാണ് കരാർപ്രകാരം ലഭിച്ചിരിക്കുന്നത്. ഇടപാടുകൾ പൂർണമായും നിയമപ്രകാരമുള്ളതാണ്. എല്ലാ സാമ്പത്തിക ഇടപാടുകളുടേയും രേഖകൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും സിഎംആർഎൽ കേസിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വീണ ചൂണ്ടിക്കാട്ടി.


മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എം ആർ അജയൻ നൽകിയ ഹർജിയിലാണ് വീണ എതിർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുകൾ സംബന്ധിച്ച് ആദ്യമായാണ് വീണയുടെ ഭാഗത്തു നിന്ന് രേഖാമൂലമുള്ള വിശദീകരണം. ഇൻകം ടാക്‌സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ഇല്ലാത്ത സേവനത്തിനുള്ള പ്രതിഫലമെന്ന ആരോപണം വീണ സത്യവാങ്മൂലത്തിൽ തള്ളിയിട്ടുണ്ട്.


തന്റെ ഭാഗം കേൾക്കാതെയാണ് ഇൻകം ടാക്‌സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ട് നൽകിയതെന്നും വീണ പറയുന്നു. എസ്എഫ്‌ഐഒയുടെ അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും വീണ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സിഎംആർഎലുമായുള്ള ഇടപാടുകൾ സുതാര്യവും നിയമപ്രകാരവുമാണ്. കരാർ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നിട്ടുള്ളത്. എക്‌സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്നും വീണ പറയുന്നു.


അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഹർജിക്കാരൻ നടത്തുന്നത്. മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽപ്പെടുത്താനാണ് ശ്രമം. താൻ വിദ്യാസമ്പന്നയായ യുവതിയാണ്. ഐടി മേഖലയിലെ ഒരു പ്രൊഫഷണലാണ്. എക്സാലോജിക്കിൻറെ പ്രവർത്തനങ്ങളിൽ തൻറെ അച്ഛന് പങ്കില്ല. ഭർത്താവിനും കമ്പനിയുമായി ബന്ധമില്ല. കമ്പനി സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷമാണ്, അച്ഛൻ മുഖ്യമന്ത്രിയായത്. കോവിഡ് കാലത്താണ് എക്‌സാലോജിക് കമ്പനിപൂട്ടിപ്പോയത് എന്നും വീണ ചൂണ്ടിക്കാട്ടുന്നു.


എകെജി സെന്ററിന്റെ മേൽവിലാസം ഉപയോഗിച്ചുവെന്ന ആരോപണവും വീണ തള്ളി. എകെജി സെൻറർ സുരക്ഷിത താവളമാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എകെജി സെൻററിൻറെ വിലാസം തെറ്റായി ഉപയോഗിച്ചതിനല്ല ആർഒസി പിഴയീടാക്കിയത് . നടപടിക്രമങ്ങളിലെ വീഴ്ച തിരുത്താനാണ് പിഴയീടാക്കിയത്. സിബിഐ അന്വേഷണം വേണമെന്ന ഹർജിക്കാരന്റെ അപേക്ഷ നിരാകരിക്കണമെന്നും വീണ ആവശ്യപ്പെട്ടിട്ടുണ്ട്.


Previous Post Next Post