മ്ലാവിറച്ചി ലാബ് പരിശോധനയിൽ പോത്തിറച്ചിയായി, ചാലക്കുടി സ്വദേശികൾ ജയിലിൽ കിടന്നത് 39 ദിവസം

 

തൃശൂർ: മ്ലാവിറച്ചി ശാസ്ത്രീയ പരിശോധനയിൽ പോത്തിറച്ചിയായി, കേസ് അവസാനിച്ചെങ്കിലും കുടുംബവും ജീവിതവും തകർന്ന് സുജേഷ്. ചാലക്കുടിയിലെ യൂണിയൻ തൊഴിലാളികളായിരുന്ന സുജേഷിനേയും ജോബിയേയും മ്ലാവിറച്ചി കൈവശം വെച്ചതായി ആരോപിച്ച് വനംവകുപ്പെടുത്ത  കേസാണ് യുവാക്കളുടെ ജീവിതം തന്നെ മാറ്റി മറിച്ചത്.


2024 സെപ്തംബറിലാണ് വനംവകുപ്പ് മ്ലാവിറച്ചി കേസിൽ ഇരുവരെയും പിടികൂടിയത്. പേരാമ്പ്ര മേച്ചിറ കാര്യാടൻ സുജേഷ് രണ്ടാം പ്രതിയും സുഹൃത്ത് ജോബി ഒന്നാം പ്രതിയുമായി കേസെടുക്കുകയും ചെയ്തു. ഇരുവരും ഈ കേസിൽ 39 ദിവസം ജയിലിൽ കഴിയേണ്ടിയും വന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച ഫോറൻസിക് ലാബ് പരിശോധനാ റിപ്പോർട്ടിൽ ആണ് സുജേഷ്, ജോബി എന്നിവരുടെ പക്കൽ നിന്നും പിടിച്ചത് പശുവിഭാഗത്തിൽ പെടുന്ന ഇറച്ചിയാണെന്ന് വ്യക്തമാക്കിയത്. ഇതോടെ ഇരുവരേയും കോടതി വെറുതേ വിടുകയും ചെയ്തു.


എന്നാൽ, കേസിനെ തുടർന്ന് യൂണിയൻ ജോലിയിൽ നിന്നും ഇരുവരേയും പിരിച്ചുവിട്ടിരുന്നു. സുജേഷിന്റെ ഭാര്യ വിവാഹമോചനം നേടി. രണ്ടു കുട്ടികളും സുജേഷിനൊപ്പമാണ്. രാത്രി ഓട്ടോ ഓടിച്ചാണ് സുജേഷ് ഇപ്പോൾ വരുമാനം കണ്ടെത്തുന്നത്. തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചാണ് വനംവകുപ്പുകാർ കുറ്റം സമ്മതിപ്പിച്ചതെന്ന് സുജേഷ് പറയുന്നു. തനിക്ക് ജോലി തിരിച്ചുകിട്ടണമാണെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും സുജേഷ് പറയുന്നു. ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടിവരികയും മാനസിക - ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടിവന്നതും ഇപ്പോഴും നടുക്കുന്ന ഓർമ്മയാണ് ഇവർക്ക്.

Previous Post Next Post