ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ നാവികന്റെതെന്ന് സംശയം

ആലപ്പുഴ: അർത്തുങ്കൽ ഫിഷറീസ് ഹാർബറിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. അറബിക്കടലിൽ തീപിടിച്ച  വാൻ ഹായ് 503( Wan Hai 503)കപ്പലിൽ നിന്ന് കാണാതായ നാവികന്റേതാകാം മൃതദേഹം എന്നാണു സംശയിക്കുന്നത്. കാണാതായ യമൻ പൗരന്റേതാണോ മൃതദേഹം എന്നും സംശയമുണ്ട്. രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്.


മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അർത്തുങ്കൽ പൊലീസ് കോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചു. അടിവസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റാനുള്ള നടപടി തുടങ്ങി.


അതേസമയം, വാൻ ഹായ് കപ്പലിൽ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നർ കൊല്ലം പോർട്ടിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം അറപ്പപ്പൊഴിയിൽ കണ്ടെത്തിയ ലൈഫ് ബോട്ടും കൊല്ലം പോർട്ടിലേക്ക് മാറ്റും. വാൻ ഹായ് കപ്പലിലെ കണ്ടെയ്നർ നീക്കുന്ന ചുമതലയുള്ള സാൽവേജ് കമ്പനി റോഡ് മാർഗമാകും കണ്ടെയ്നർ കൊല്ലത്ത് എത്തിക്കുക. കണ്ടെയ്നർ കണ്ടെത്തിയ സ്ഥലത്തെ കടൽവെള്ളം മലിനീകരണ നിയന്ത്രണ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

Previous Post Next Post