തൊടുപുഴ: അടിമാലിയിൽ പാമ്പിന്റെ കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവും കുടുംബവും. ബൈക്കിൽ പാമ്പ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് അഞ്ചുകിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറിൽ കയറ്റിവിട്ടശേഷം വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ചിലാണ് പാമ്പിനെ കണ്ടത്.
അടിമാലി അമ്പലപ്പടി എസ്എച്ച് കോൺവന്റിനു സമീപം താമസിക്കുന്ന ബിനീഷാണു പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ബൈക്ക് ഓടിക്കുന്നതിനിടെ ക്ലച്ചിൽ പിടിച്ചപ്പോൾ വഴുവഴുപ്പ് തോന്നി. തുടർന്ന് കൈ മാറ്റി നോക്കുമ്പോഴാണ് ഹാൻഡിലിൽ പാമ്പ് നീളത്തിൽ കിടക്കുന്നത് കണ്ടത്. വിഷമുള്ള വളവളപ്പൻ പാമ്പാണ് ഹാൻഡിലിൽ കിടന്നിരുന്നത്.
തിങ്കളാഴ്ച രാത്രി എട്ടോടെയാണു ഭാര്യ ഹർഷ, മകൾ പാർവണ (3 വയസ്സ്) എന്നിവരുമായി യുവാവ് അടിമാലി ടൗണിലേക്കു പോയത്. തിരികെപ്പോകാൻ ഒരുങ്ങുമ്പോഴാണ് ശക്തമായ മഴ പെയ്തത്. തുടർന്നു ഭാര്യയെയും മകളെയും ഭാര്യാപിതാവിന്റെ കാറിൽ വീട്ടിലേക്കു വിട്ടു. പിന്നീടു വീട്ടിലേക്കു വരുമ്പോഴാണു ബൈക്കിൽ പാമ്പിനെ കണ്ട് ബിനീഷ് ഞെട്ടിയത്. ഉടൻ ബൈക്കിൽനിന്നു ചാടിയിറങ്ങി. ഇതോടെ സമീപവാസികളും എത്തി. അതിനിടെ പാമ്പ് ഇഴഞ്ഞു സമീപത്തെ പുരയിടത്തിലേക്കു മറഞ്ഞു.