തൃശൂർ: എസി ബസ് ബുക്ക് ചെയ്തപ്പോൾ വന്നത് നോൺ എസി. സ്വിഫ്റ്റ് എയർബസ് ബുക്ക് ചെയ്തപ്പോൾ ഫാസ്റ്റ് പാസഞ്ചറും. 2 സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബത്തെ രണ്ടുതവണയായി പാതിരാത്രിക്ക് കെഎസ്ആർടിസി കാത്ത് നിർത്തിയത് നാലര മണിക്കൂറോളം.
ചാലക്കുടി കൂടപ്പുഴ ചേനോത്തുപറമ്പിൽ ഷെയ്ഖ് സാഹിലും ഭാര്യയും സഹോദരന്റെ മകളും അടങ്ങിയ കുടുംബത്തെയാണ് വയനാട്ടിലേക്കും തിരികെയുമുള്ള യാത്രയിൽ കെഎസ്ആർടിസി വലച്ചത്. രണ്ടുതവണയും പാതിരാത്രിക്കു മണിക്കൂറോളം കാത്തുനിർത്തി. ബുക്ക് ചെയ്ത ബസിന്റെ ചാർജ് മടക്കിത്തരാൻ ആവശ്യപ്പെട്ടപ്പോൾ നേരിട്ടു നൽകാൻ നിവൃത്തിയില്ലെന്നും അക്കൗണ്ടിലേക്കു വരുന്നതുവരെ കാത്തിരിക്കാനുമാണ് കണ്ടക്ടർമാരുടെ മറുപടി.
സഹോദരന്റെ മകളെ വയനാട്ടിലെ വീട്ടിലേക്കു കൊണ്ടുപോകാൻ സുഖമില്ലാത്ത ഭാര്യയെയും കൂട്ടി 8നു രാത്രി 11നാണ് ചാലക്കുടിയിൽ ബസ് കാത്തുനിന്നത്. എസി ബസിന് 1736 രൂപ ബുക്കിങ് ചാർജ് അടച്ചു. ചാലക്കുടിയിൽ എത്തിയതാകട്ടെ നോൺ എസി ബസ്. അതും 3 മണിക്കൂർ വൈകി പുലർച്ചെ 2ന്. തിരികെ കൽപറ്റയിൽനിന്ന് ചാലക്കുടിയിലേക്കു 12നു രാത്രി 9.15നു ബുക്ക് ചെയ്ത സ്വിഫ്റ്റ് എയർ ബസിനു പകരം വന്നത് ഫാസ്റ്റ് പാസഞ്ചറും. ഒന്നര മണിക്കൂർ കഴിഞ്ഞ് രാത്രി 10.45ന് ആണ് ബസ് എത്തിയത്.
ബുക്ക് ചെയ്ത ബസ് മാറിയതിനെക്കുറിച്ച് കണ്ടക്ടറോട് പരാതി അറിയിച്ചപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു പറഞ്ഞ് പരിഹരിക്കാനായിരുന്നു മറുപടി. വളരെ മോശമായിട്ടായിരുന്നു ജീവനക്കാരുടെ പെരുമാറ്റമെന്ന് ഷെയ്ഖ് സാഹിൽ പറഞ്ഞു. സംഭവത്തിൽ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ്‌കുമാറിനും മാനേജിങ് ഡയറക്ടർക്കും പരാതി കൊടുത്തിരിക്കുകയാണ് ഷെയ്ഖ് സാഹിൽ