നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കുമോ?; അന്‍വറിന്‍റെ കത്തിന് മറുപടിയില്ല, ജൂലൈ 12 വരെ സമയമെന്ന് കമ്മിഷന്‍

തിരുവനന്തപുരം: നിലമ്പൂരിൽ എത്രയും പെട്ടെന്ന് ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചതിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്ന് മുൻ എംഎൽഎ പി വി അൻവർ. തെരഞ്ഞെടുപ്പ് നടക്കാത്തത് നിലമ്പൂരിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് അൻവർ കത്തിൽ പറഞ്ഞത്. ജനാധിപത്യ നിയമമനുസരിച്ച് ഒരു മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവ് വന്നാൽ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്നും നിലമ്പൂരിന്റെ കാര്യത്തിലും ഈ നിയമം ബാധകമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അൻവർ പറഞ്ഞു.


അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ജൂലൈ 12 വരെ സമയമുണ്ടെന്നും ഉപേക്ഷിച്ചേക്കുമെന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ പറഞ്ഞു.


തെരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അന്തിമ വോട്ടർ പട്ടിക മെയ് ആദ്യവാരം പ്രസിദ്ധീകരിച്ചു. ബൂത്ത് ഓഫീസ് നിശ്ചയിക്കൽ, ഉദ്യോഗസ്ഥ വിന്യാസത്തിനുള്ള ഒരുക്കം, വോട്ടിങ് യന്ത്രം സജ്ജീകരിക്കൽ, സുരക്ഷ ക്രമീകരണം എന്നിവ പൂർത്തിയായി. ഒഴിവു വന്ന് 12 മാസത്തിനുള്ളിലും നിയമസഭയുടെ കാലാവധിക്ക് ആറുമാസം മുമ്പുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മതിയാകുമെന്ന് രത്തൻ ഖേൽക്കർ പറഞ്ഞു. നിലമ്പൂരിൽ ഒഴിവ് വന്നത് ജനുവരി 12നാണ്.


ഉത്തരേന്ത്യയിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട പല മണ്ഡലങ്ങളും അതിർത്തിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നത് സുരക്ഷാപ്രശ്‌നം ഉയർത്തുന്നു. ജമ്മു കശ്മീരിലും ഗുജറാത്തിലും രണ്ട് വീതവും പഞ്ചാബ്, ബംഗാൾ, മണിപ്പുർ എന്നിവിടങ്ങളിൽ ഒന്നു വീതവും സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഒന്നിച്ചായിരിക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. കേരളത്തിലും ബംഗാളിലും മാത്രമാണ് കാലാവധി തീരുന്ന പ്രശ്‌നമുള്ളത്. മറ്റിടങ്ങളിൽ സുരക്ഷ ചൂണ്ടിക്കാട്ടി നീട്ടിവയ്ക്കാവുന്നതേയുള്ളൂ രത്തൻ ഖേൽക്കർ പറഞ്ഞു.

Previous Post Next Post