കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരായ, കശ്മീര്‍ സ്വദേശികളായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഭീകരരെ സൈന്യം വധിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ ചൊവ്വാഴ്ച കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് ലഷ്‌കർ ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഇവരിൽ നിന്നും ആയുധങ്ങളും പണവും അടക്കം പിടികൂടിയിരുന്നു. ഇതേത്തുടർന്ന് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടാകാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിവരികയായിരുന്നു.


Previous Post Next Post