കേരള പൊലീസിന് ഇനി സൈന്യത്തിന്റെ 'കുതിര ശക്തി'!

തിരുവനന്തപുരം: ഇന്ത്യൻ സൈന്യത്തിൽ നിന്നു കുതിരകളെ എത്തിക്കാനുള്ള കേരള പൊലീസിന്റെ ശ്രമങ്ങൾ ഒടുവിൽ വിജയം കണ്ടു. രണ്ട് വർഷത്തെ കടലാസ് ജോലികളും രാഷ്ട്രപതിയുടെ അംഗീകാരം നേടൽ അടക്കമുള്ള വെല്ലുവിളികൾക്കെല്ലാം ഒടുവിലാണ് ശ്രമം ഫലവാത്തായത്.


തിരുവനന്തപുരം സിറ്റി പോലീസിന് കീഴിലാണ് കേരള പൊലീസിലെ ഏക കുതിരസേനയുള്ളത്. സൈന്യത്തിന്റെ റീമൗണ്ട് വെറ്ററിനറി കോർപ്‌സിൽ (ആർവിസി) നിന്ന് മൂന്ന് കുതിരകളെ രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കും. ഇതാദ്യമായാണ് സൈന്യത്തിൽ നിന്ന് നേരിട്ട് കുതിരകളെ ലഭിക്കുന്നത്. ഓരോ കുതിരയ്ക്കും 6 മുതൽ 8 ലക്ഷം രൂപ വരെയാണ് വില.


സൈന്യത്തിൽ നിന്ന് എട്ട് കുതിരകളെ വാങ്ങാനായി പൊലീസ് തുടക്കത്തിൽ 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഉയർന്ന ഡിമാൻഡ് കാരണം മൂന്ന് മുതൽ നാല് വയസ് വരെ പ്രായമുള്ള മൂന്ന് കുതിരകളെ മാത്രം വിൽക്കാനാണ് സൈന്യം ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്.


ഉത്തർപ്രദേശിലെ സഹാറൻപുരിലുള്ള റീമൗണ്ട് ഡിപ്പോ ആൻഡ് ട്രെയിനിങ് സ്‌കൂളിൽ പരിശീലനം നേടിയ കുതിരകളെയാണ് പുതിയതായി എത്തിക്കുന്നത്. അവയെ ട്രെയിൻ വഴിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നത്. പരിശീലനം ലഭിച്ച പൊലീസുകാരും ഒപ്പമുണ്ടാകും.

കുതിരകൾക്കു പുതിയ കാലാവസ്ഥയുമായി പൊരുത്തുപ്പെടാൻ കുറച്ചു ദിവസങ്ങൾ വേണ്ടി വരും. പരിശീലനത്തിനു ശേഷം ഔദ്യോഗികമായി സേനയുടെ ഭാഗമാക്കും. നിലവിൽ സൈന്യത്തിന്റെ പരിശീലനം ലഭിച്ചവയാണ് എത്തുന്നതെങ്കിലും പെരുമാറ്റമടക്കം നിരീക്ഷിച്ച് പുതിയ ദൗത്യങ്ങൾക്കായി വിനിയോഗിക്കും.


കൊളോണിയൽ പാരമ്പര്യത്തിന്റെ തുടർച്ചയാണ് പൊലീസിലെ കുതിരപ്പട. രാത്രി പട്രോളിങ്, പരേഡുകൾ, മറ്റ് ചടങ്ങുകൾ എന്നിവയ്ക്കാണ് ഇവയെ പൊലീസ് സേന ഉപയോഗിക്കുന്നത്.


അടുത്ത ഏഴോ, എട്ടോ മാസത്തിനുള്ളിൽ സൈന്യത്തിൽ നിന്നുള്ള അടുത്ത ബാച്ച് ത്രോബെഡ് കുതിരകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സൈനിക കുതിരകൾക്ക് ആവശ്യക്കാരേറെയാണ്. പല സംസ്ഥാനങ്ങളും അവയെ സ്വന്തമാക്കാനായി രംഗത്തുണ്ട്. കേരള പൊലീസിലേക്ക് പുതിയതായി ഇനി അഞ്ച് കുതിരകളെ കൂടി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.


നിലവിൽ സ്വകാര്യ കുതിരാലയങ്ങളിൽ നിന്നു കൊണ്ടു വന്ന വിദേശ ഇനങ്ങളായ രണ്ട് ത്രോബെഡ് കുതിരകൾക്കു പുറമെ കത്തിയവാരി, മാർവാരി ഇനങ്ങളും യൂനിറ്റിലുണ്ട്. നിലവിൽ 11 കുതിരകളാണ് സേനയിലുള്ളത്. 41 ജീവനക്കാരാണ് കുതിരകളെ സംരക്ഷിക്കാൻ വേണ്ടത്. അതിൽ നിരവധി തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.

Previous Post Next Post