പാകിസ്ഥാനെ പിന്തുണയ്ക്കുന്ന ഈ രാജ്യങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട്, തിങ്കളാഴ്ച മുതല്‍ #BoycottTurkey, #BoycottAzerbaijan, #BoycottTurkeyAzerjbaijan എന്നീ ഹാഷ്ടാഗുകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിങ്ങായി മാറിയിട്ടുണ്ട്. ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് കരാര്‍ തുടരുന്നതിനെതിരെ ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്.
തുര്‍ക്കി, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ ഫ്ളൈറ്റ് - ഹോട്ടല്‍ ബുക്കിങ്ങുകളും നിര്‍ത്തിവെച്ചതായി ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റ്‌ഫോമായ ഈസ്മൈട്രിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിയിലേക്ക് യാത്ര ബുക്ക് ചെയ്തവരില്‍ ഏതാണ്ട് 22 ശതമാനം പേരും അസര്‍ബൈജാനിലേക്ക് ബുക്ക് ചെയ്തവരില്‍ 30 ശതമാനവും യാത്ര റദ്ദാക്കിയതായി കമ്പനി സഹ സ്ഥാപകന്‍ പ്രശാന്ത് പിറ്റി വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 3.8 ലക്ഷം ഇന്ത്യക്കാരാണ് ഈ രണ്ട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്.
ഓരോ യാത്രക്കാരനിൽ നിന്ന് 60,000-70,000 രൂപ കണക്കാക്കിയാലും ഏകദേശം 2,500 മുതൽ 3,000 കോടി രൂപയാണ് ഈ രാജ്യങ്ങളിൽ ഇന്ത്യക്കാർ ചെലവഴിച്ചിരുന്നത്.എവിടെയാണ് പണം ചെലവഴിക്കുന്നത് എന്നതിനെക്കുറിച്ച് ഇന്ത്യക്കാർ അറിഞ്ഞിരിക്കണമെന്നും, പാകിസ്ഥാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രശാന്ത് പിറ്റി അഭിപ്രായപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുകയും, ഏറ്റുമുട്ടലിന്റെ അന്തരീക്ഷത്തിലേക്കെത്തുകയും ചെയ്തത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചു. ഇതിന് പകരം പാക് സൈന്യം ഇന്ത്യയിലേക്ക് ആക്രമണം നടത്തിയപ്പോൾ, തുർക്കി പാകിസ്ഥാന് പരസ്യപിന്തുണയുമായി രംഗത്തെത്തി. കൂടാതെ പാകിസ്ഥാന് തുർക്കി ആയുധങ്ങൾ നൽകുകയും ചെയ്തിരുന്നു. അസർബൈജാനും സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ചിരുന്നു.