കൂരിയാട് ദേശീയപാതയില്‍ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു; സര്‍വീസ് റോഡിന് വിള്ളല്‍

മലപ്പുറം: നിർമാണത്തിലിരുന്ന മലപ്പുറം കൂരിയാട് ദേശീയപാതയിൽ(NH66) വീണ്ടും സംരക്ഷണ ഭിത്തി തകർന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ തകർന്ന ഭാഗത്തിന് ഏതാനുംമീറ്ററുകൾക്ക് സമീപമാണ് വീണ്ടും തകർച്ചയുണ്ടായിരിക്കുന്നത്. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടർന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചിരുന്നു.


ആറുവരിപ്പാതയുടെ പാർശ്വഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്കാണ് വീണത്. പ്രധാന പാതയുടെ പാർശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകർന്നു വീണത്. പ്രദേശത്ത് കൂടുതൽ സ്ഥലങ്ങളിൽ സർവീസ് റോഡിനു വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ സമീപത്തെ വയലുകളിൽ വെള്ളം കയറിയിട്ടുണ്ട്.


മഴക്കാലത്ത് നിറയെ വെള്ളം നിൽക്കുന്ന വയലിൽ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി ആറുവരിപ്പാത നിർമിച്ചത് വലിയ പിഴവാണെന്ന് ആരോപണങ്ങളുയർന്നിരുന്നു. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകൾ സ്ഥാപിച്ച് പാലം നിർമിക്കണമെന്നാണ് ജനപ്രതിനിധികൾ, സമരസമിതി, നാട്ടുകാർ തുടങ്ങിയവർ ആവശ്യപ്പെടുന്നത്.


അതേസമയം ദേശീയപാത തകർന്ന വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിഷയത്തിൽ ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.

Previous Post Next Post