ലിയോ പതിനാലാമൻ പുതിയ മാർപ്പാപ്പ; ആദ്യത്തെ അമേരിക്കക്കാരൻ ആയ മാർപ്പാപ്പ

69 -കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് (Robert Francis Prevost) ആണ് പുതിയ മാര്‍പ്പാപ്പ.
ആദ്യത്തെ അമേരിക്കൻ മാർപാപ്പ എന്ന ഖ്യാതി ഇതോടെ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് സ്വന്തം. അദ്ദേഹം ലിയോ പതിനാലാമന്‍ മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചു. ഇതോടെ രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവിന് ഇതോടെ സമാപനമായി. ആദ്യത്തെ ലാറ്റിനമേരിക്കൻ പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന് ശേഷം ഇപ്പോള്‍ ആദ്യത്തെ അമേരിക്കന്‍ പോപ്പായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ കോണ്‍ക്ലേവ് തെരഞ്ഞെടുത്തിരിക്കുന്നു.

ഇതോടെ കത്തോലിക്കാ പള്ളിയ്ക്ക് പുതിയ മേധാവിയായി, ലോകത്തെ 1.4 ബില്യൻ റോമൻ കത്തോലിക്കരുടെയും മേധാവിയായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്. ക്ലോണ്‍കേവ് നടക്കുന്നതിന് മുമ്ബ് തന്നെ സാധ്യത പട്ടികയില്‍ ഇടം നേടിയ ആളാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്. 2025 മെയ് 8 മുതല്‍ വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്‍റെയും കത്തോലിക്കാ സഭയുടെയും പരമാധികാരിയാണ് ഇനി ലിയോ പതിനാലാമന്‍ മാർപ്പാപ്പ. അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിയിലെ ചിക്കാഗോയില്‍ 1955 സെപ്റ്റംബർ 14 -നാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ജനിച്ചത്.
പൌരോഹിത്യത്തിന്‍റെ ആദ്യകാലത്ത് അദ്ദേഹം അഗസ്റ്റീനിയക്കാർക്കായി ജോലി ചെയ്തു. 1985 മുതല്‍ 1986 വരെയും 1988 മുതല്‍ 1998 വരെയും പെറുവില്‍ ഇടവക പാസ്റ്ററായിരുന്നു. രൂപതാ ഉദ്യോഗസ്ഥൻ, സെമിനാരി അധ്യാപകൻ, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2023 -ലാണ് അദ്ദേഹത്തെ കർദ്ദിനാളായി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചത്. 2023 മുതല്‍ ഡികാസ്റ്ററി ഫോർ ബിഷപ്പ്സ് പ്രിഫെക്റ്റായും ലാറ്റിൻ അമേരിക്കയിലെ പൊന്തിഫിക്കല്‍ കമ്മീഷന്‍റെ പ്രസിഡന്‍റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പെറുവിലെ ചിക്ലായോ ബിഷപ്പായി സേവനം അനുഷ്ഠിച്ച അദ്ദേഹം 2001 മുതല്‍ 2013 വരെ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിന്റെ ജനറലായും സേവനമനുഷ്ഠിച്ചു. 2023 ല്‍ ഫ്രാൻസിസ് മാർപ്പാപ്പ പ്രിവോസ്റ്റിനെ ബിഷപ്പുമാർക്കായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്റ്റായി നിയമിച്ചിരുന്നു
Previous Post Next Post