പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രതികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആദിവാസി യുവാവ് സിജുവിനെ അർധനഗ്നനാക്കിയാണ് പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
ആദിവാസി യുവാവായ സിജുവിനെ കൈകൾ കെട്ടി പോസ്റ്റിൽ കെട്ടിയിട്ടാണ് പ്രതികൾ മർദിച്ചത്. പുലർച്ചെ ഷോളയൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് ഇരുവരും.
അഗളി, ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മർദനമേറ്റത് . ഷിബുവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ചയാണ് വാഹനത്തിന് മുന്നിലേക്ക് മദ്യപിച്ച് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മർദിച്ചത്. പരിക്കേറ്റ ഷിബു ആശുപത്രിയിൽ ചികിത്സയിലാണ്.
മെയ് 24-നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരാതി നൽകിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും ആദിവാസി യുവാവിനെ മർദിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നില്ല. വാർത്ത പുറത്തു വന്നതിന് ശേഷമാണ് പൊലീസ് പരാതിയിൽ നടപടി സ്വീകരിച്ചത്. കാരണമൊന്നുമില്ലാതെ ഷിബു വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്നാണ് പിക്കപ്പ് ഡ്രൈവർ പറഞ്ഞിരുന്നത്. ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഷിബുവിനെതിരെ കേസെടുത്തിരുന്നു.