കൊച്ചി: കൊച്ചി തീരത്ത് അറബിക്കടലിൽ ലൈബീരിയൻ കണ്ടെയ്നർ കപ്പലായ എംഎസ്സി എൽസ 3 (MSC Elsa 3) മുങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും കപ്പലിനൊപ്പം മുങ്ങിയ അപകടകരമായ ചരക്കിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കഴിയാതെ അധികൃതർ. കപ്പലിലെ 643 കണ്ടെയ്നറുകളിൽ 13 എണ്ണം അപകടകരമായ കാർഗോകളും 12 എണ്ണം കാൽസ്യം കാർബൈഡും ആണെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിവരം. എന്നാൽ അപകടകരമായ ചരക്കിനെക്കുറിച്ച് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയിൽ നിന്നോ എംഎസ്സി എൽസ മൂന്നിന്റെ ഉടമകളിൽ നിന്നോ, തുറമുഖ അധികൃതരിൽ നിന്നോ, കസ്റ്റംസ് വകുപ്പിൽ നിന്നോ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്.
'കോസ്റ്റ് ഗാർഡിന്റെ വേഗത്തിലുള്ള നടപടി എണ്ണ ചോർച്ച നിയന്ത്രിക്കാൻ സഹായിച്ചു. കാൽസ്യം കാർബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കൽ മൈലുകളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്നും കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ അത് അലിഞ്ഞുപോകുമെന്നും വിദഗ്ദ്ധർ പറഞ്ഞു. എന്നാലും അപകടകരമായ ചരക്കുകൾ വഹിക്കുന്ന 13 കണ്ടെയ്നറുകളെക്കുറിച്ച് ഒരു വിവരവുമില്ല. സംശയങ്ങൾ ദൂരീകരിക്കുകയും ഉപജീവനമാർഗ്ഗത്തെക്കുറിച്ച് ആശങ്കാകുലരായ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഷിപ്പിംഗ് ഡയറക്ടർ ജനറലിന്റെ (ഡിജി) ഉത്തരവാദിത്തമാണ്, -'ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊച്ചിയിലെ മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് (എംഎംഡി) ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഷിപ്പിങ് സ്ഥാപനത്തിന്റെ പ്രതിനിധികളുമായി ചർച്ച നടത്തുകയും കപ്പലിലെ മുഴുവൻ ചരക്കുകളുടെയും വിവരങ്ങൾ അടങ്ങിയ കാർഗോ മാനിഫെസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്റെ മൊഴിയും അവർ രേഖപ്പെടുത്തി. ഡിജി ഷിപ്പിംഗിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച കൊച്ചിയിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ സംസ്ഥാന സർക്കാരുമായും ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും ഉന്നതരുമായും മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തും.
അതേസമയം, പൊങ്ങിക്കിടക്കുന്ന കണ്ടെയ്നറുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ എംഎസ്സിയുടെയും ടി ആൻഡ് ടി സാൽവേജിന്റെയും പ്രതിനിധികൾ തുടരുകയാണ്. കണ്ടെയ്നറുകൾ വീണ്ടെടുക്കാൻ എംഎസ്സി ഏർപ്പാട് ചെയ്ത ടീമാണ് ടി ആൻഡ് ടി സാൽവേജ്. ആശങ്കകൾ ദൂരീകരിക്കുന്നതിനായി, ഫിഷറീസ് മന്ത്രി സജി ചെറിയാൻ ബുധനാഴ്ച തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെ കാണും.
കപ്പൽ മറിഞ്ഞുണ്ടായ നഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഊഹാപോഹങ്ങൾ പരക്കുന്നതിനിടെ, എണ്ണ മലിനീകരണ നാശനഷ്ടങ്ങൾക്കുള്ള സിവിൽ ബാധ്യതയെക്കുറിച്ചുള്ള അന്താരാഷ്ട്ര കൺവെൻഷൻ അനുസരിച്ച് പരിസ്ഥിതിക്ക് സംഭവിച്ച നാശത്തിന് എംഎസ്സി നഷ്ടപരിഹാരം നൽകേണ്ടിവരും. അപകടകരമായ രാസവസ്തുക്കൾ സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ഉപജീവനമാർഗ്ഗത്തെ ബാധിക്കുകയും ചെയ്യുമെന്നതിനാൽ കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകൾ മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.