തൃശൂർ: നഗരത്തിലെ സ്വരാജ് റൗണ്ടിൽ കുറുപ്പം റോഡിനും മാരാർ റോഡിനും ഇടയിലുള്ള കെട്ടിടം പൊളിച്ചുനീക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ റൗണ്ടിലെ നടപ്പാതയോടു ചേർന്നുള്ള ഈ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണിരുന്നു. പൊളിക്കാനുള്ള 271 കെട്ടിടങ്ങളുടെ പട്ടികയിൽ കോർപറേഷൻ ഉൾപ്പെടുത്തിയ കെട്ടിടമാണിത്.
പട്ടികയിലുള്ള നാലു കെട്ടിടങ്ങൾ കഴിഞ്ഞ കാലവർഷത്തിൽ തകർന്നിരുന്നു. ഇതേപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാനും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുമാണ് ബുധനാഴ്ച രാത്രി തന്നെ കെട്ടിടം പൊളിച്ചുനീക്കാൻ കോർപറേഷൻ തീരുമാനിച്ചത്.
പൊലീസ് സുരക്ഷയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കെട്ടിടം പൂർണമായും പൊളിക്കുന്നത്.കെട്ടിടത്തിലുള്ള അഞ്ചു കടമുറികളിൽ മൂന്നെണ്ണമാണു പ്രവർത്തിച്ചിരുന്നത്. ഈ കടമുറികളിൽ ഒന്നിന്റെ മുകൾഭാഗമാണ് കഴിഞ്ഞ ദിവസം രാത്രി തകർന്നുവീണത്. മേൽക്കൂരയും ചുമരും തകർന്നുവീഴുകയായിരുന്നു. ഇതോടെ സുരക്ഷയ്ക്കായി നടപ്പാത അടക്കം കോർപറേഷൻ അടച്ചുകെട്ടിയിരുന്നു. മേയർ എം കെ വർഗീസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി.