തൃശൂർ: കനത്തമഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞ് ഒഴുകുവാൻ തുടങ്ങി. കാലവർഷം കനത്തതോടെയാണ് ഭാരതപ്പുഴയുടെ ഇരുകരകളും മുട്ടി വെള്ളം ഒഴുകാൻ തുടങ്ങിയത്. ഭാരതപ്പുഴയിലെ തടയണകൾ നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭാരതപുഴയുടെ ഒഴുക്ക് വർദ്ധിക്കുകയും മണിക്കൂറുകൾക്കകം ഇരുകരകളും നിറഞ്ഞു കവിഞ്ഞ് ഒഴുകാനും തുങ്ങിയത്. ഭാരതപ്പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. അതിനിടെ ചെറുതുരുത്തി കൊച്ചിൻ പാലത്തിൽ നിന്നും 100 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഭാരതപ്പുഴയിലെ തടയണയുടെ ഷട്ടറുകൾ തുറക്കണമെന്ന ആവശ്യം ശക്തമാണ്. തടയണ പൂർണമായും മണൽ വന്ന് നിറഞ്ഞ അവസ്ഥയിലാണുള്ളത്. കഴിഞ്ഞദിവസം മണൽ വാരാൻ ഉത്തരവായെങ്കിലും ഭാരതപ്പുഴയിലെ ഒഴുക്ക് വർദ്ധിച്ചതോടെ മണലെടുപ്പ് ആശങ്കയിലാണ്.
പഴയ കൊച്ചിൻ പാലം പുഴയിലേക്ക് കൂപ്പുകുത്തി നിൽക്കുന്ന അവസ്ഥയിലാണ് ഉള്ളത്. എപ്പോൾ വേണമെങ്കിലും ഒഴുകിപ്പോയേക്കാം. രണ്ട് പ്രളയങ്ങളെ അതിജീവിച്ച പഴയ കൊച്ചിൻ പാലം പൊളിച്ചുനീക്കാൻ സർക്കാർ ഉത്തരവ് ആയെങ്കിലും പുഴയിൽ വെള്ളം നിറഞ്ഞതോടെ ഇതും തടസ്സപ്പെട്ടു.