കൊച്ചി: കേസ് ഒതുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം രാഷ്ട്രീയ ചർച്ചയാക്കാൻ സിപിഎം. കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവിൽനിന്ന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ വിജിലൻസ് നടപടി ആരംഭിച്ചതിന് പിന്നാലെയാണ് വിഷയം സിപിഎം ഇഡിക്ക് എതിരായ ആയുധമാക്കുന്നത്. പരാതിയിൽ ഇഡി ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് ഇഡി ഉദ്യോഗസ്ഥർക്കായി ഇടനിലക്കാരൻ സമീപിച്ചെന്ന് പരാതി നൽകിയ വ്യവസായി അനീഷ് ബാബുവിന്റെ വിശദ മൊഴി ഞായറാഴ്ച വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് ഇഡിയുടെ ഏജന്റുമാരെന്ന ആരോപണം നേരിടുന്ന വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രാഥമിക വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇഡി അസി. ഡയറക്ടറായ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ഇഡിക്ക് എതിരെ സിപിഎം നേരിട്ട് രംഗത്തെത്തുന്നത്. ആരോപണങ്ങൾ തുറന്നുകാട്ടുന്നത് ഇഡിയുടെ അഴമതിയുടെ മുഖമാണെന്ന് സിപിഎം മുഖപത്രം ദേശാഭിമാനി മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ വിനിമയത്തിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതര സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേന്ദ്രസർക്കാർ രാഷ്ട്രീയവേട്ടയ്ക്കും, ബിജെപിയും ചില ഉദ്യോഗസ്ഥരും സാമ്പത്തിക കൊള്ളയ്ക്കും ആയുധമാക്കുന്ന ഇഡിയുടെ അഴിമതിമുഖം വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് എന്നും ദേശാഭിമാനി ആരോപിക്കുന്നു.
രാഷ്ട്രീയ താൽപ്പര്യത്തിന് വഴങ്ങി ഇഡി ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതികളും ക്രമക്കേടുകളും സത്യസന്ധമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന് അവരെ ശിക്ഷിക്കേണ്ടതുണ്ടെന്നും സിപിഎം മുഖപത്രം ആവശ്യപ്പെടുന്നു.