തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍.എരൂര്‍ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പില്‍ പ്രകാശന്‍ (59) ആണ് മരിച്ചത്. ചെറിയ പൊള്ളലേറ്റ മകന്‍ കരുണ്‍ (16) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 5 ഓടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാള്‍ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയല്‍ക്കാരെത്തി തീകെടുത്തുകയായിരുന്നു. ഈ സമയം പ്രകാശന്‍ പുറത്ത് മരത്തില്‍ തൂങ്ങുകയായിരുന്നു. തീപിടിച്ച വീടിനോട് തൊട്ടുചേര്‍ന്ന് തന്നെയുള്ള മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടര്‍ന്ന് വീട്ടില്‍നിന്നും മാറിയാണ് താമസിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
കഴിഞ്ഞ ഒരു വർഷത്തോളമായി വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രകാശൻ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം പ്രകാശന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.