സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത എസ്‌ഐയോട് പണം ചോദിച്ചു; എ.സിക്കും പൊലീസുകാരിക്കും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പൊലീസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം ഒതുക്കിത്തീർക്കാൻ പ്രതിയായ സബ് ഇൻസ്‌പെക്ടറിൽ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട അസിസ്റ്റൻഡ് കമൻഡാന്റിനും സീനിയർ സിവിൽ പൊലീസ് ഓഫീസർക്കും സസ്‌പെൻഷൻ.


കെഎപി മൂന്നാം ബറ്റാലിയൻ അസിസ്റ്റൻഡ് കമൻഡാന്റ് സ്റ്റാർമോൻ ആർ പിള്ള, സൈബർ ഓപ്പറേഷനിലെ ഓഫീസ് റൈറ്റൻ അനു ആന്റണി എന്നിവരെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. സൈബർ ഓപ്പറേഷൻസ് ഔട്ട്‌റിച്ച് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സബ് ഇൻസ്‌പെക്ടർ വിൽഫർ ഫ്രാൻസിന്റെ പേരിലാണ് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തതായി പരാതി ഉയർന്നത്.


കേസ് ഒത്തുത്തീർപ്പാക്കുന്നതിനായി സ്റ്റാർമോൻ25 ലക്ഷം രൂപ അനു ആന്റണി മുഖേന ആവശ്യപ്പെട്ടുവെന്നാണ് കണ്ടെത്തിയത്. നവംബർ 16ന് നടന്ന സംഭവം ഇരയായ പൊലീസ് ഉദ്യോഗസ്ഥ അനു ആന്റണിയെ അറിയിച്ചിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ട ഉദ്യോഗസ്ഥ സുഹൃത്തായ മറ്റൊരു ഉദ്യോഗസ്ഥ വഴി സ്റ്റാർമോനെയും വിവരം അറിയിച്ചു. തുടർന്ന് സ്റ്റാർമോൻ പിള്ള കേസ് ഒത്തുത്തീർപ്പാക്കാൻ വിൽഫറിൽനിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

Previous Post Next Post