ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ഇപ്പോള്‍ എവിടെയാണ്?; ഫോണ്‍കോളില്‍ കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

കൊച്ചി: നാവികസേന ആസ്ഥാനത്ത് വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ തേടിയ ആള്‍ പൊലീസ് കസ്റ്റഡിയില്‍. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാന്‍ എന്നയാളാണ് പിടിയിലായത്. കൊച്ചി ഹാര്‍ബര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ തന്നെയാണോ വിളിച്ചത് എന്നതടക്കം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ്, പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഐഎന്‍എസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ഫോണ്‍കോള്‍ ലഭിച്ചത്.

രാഘവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള കോളില്‍, ഐഎന്‍എസ് വിക്രാന്ത് ഇപ്പോള്‍ കൊച്ചിയിലുണ്ടോ, ഇല്ലെങ്കില്‍ ഇപ്പോള്‍ കറന്റ് ലൊക്കേഷന്‍ എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചത്. സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ ഉടന്‍ വിവരം പൊലീസിന് കൈമാറി. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയിലേക്കെത്തിയത്.

Previous Post Next Post