തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി നിലമ്പൂർ തെരഞ്ഞെടുപ്പിലെ വോട്ടുകൾ മാറുമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്താകെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒരു അഭിപ്രായം ശക്തിപ്പെട്ടു വരുന്നുണ്ട്. ഇത് ഇടതുപക്ഷത്തിന് അനുകൂലമാണ്. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും സ്വരാജ് പറഞ്ഞു.
'ഇത് ഇടതുപക്ഷക്കാർ മാത്രമല്ല അല്ലാത്തവരും ഉണ്ട്, അവർ പറയുന്നത് കേരളം ഭരിക്കാൻ നല്ലത് ഇടതുപക്ഷമാണെന്നാണ് അതിന് കാരണം കഴിഞ്ഞ ഒമ്പത് വർഷമായി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ സർക്കാർ നടത്തിയിട്ടുള്ള വൻതോതിലുള്ള വികസന പ്രവർത്തനങ്ങളാണ്, ക്ഷേമപ്രവർത്തനങ്ങളാണ്. ഒരു നവകേരളം സൃഷ്ടിക്കുക, അതിന്റെ ഗുണഭോക്താക്കളാണ് സാധരണക്കാരായ ജനങ്ങൾ. അതുകൊണ്ട് അവർക്ക് കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് വലിയ മമതയാണ് ഉള്ളതെന്നും' എം സ്വരാജ് പറഞ്ഞു.
ഉറച്ച മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട്, രാജ്യത്തെ വർഗീയ ധ്രൂവികരണത്തിന് ശ്രമിക്കുന്ന ശക്തികൾക്കെതിരെ സിപിഎമ്മും ഇടതുപക്ഷ മുന്നണിയും സ്വീകരിക്കുന്ന ഉറച്ച നിലപാട് പ്രതീക്ഷ നൽകുന്നതാണ്. ഇതെല്ലാം ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്നും സ്വരാജ് പറഞ്ഞു. എൽഡിഎഫിന് ഉറച്ച ആത്മവിശ്വാസമുണ്ട്. ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിനുള്ള നാന്നിയായി മാറുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സ്വരാജ് പറഞ്ഞു.