ഭുവനേശ്വർ: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് റെയ്ഡിനെത്തുന്നത് കണ്ട് ഫ്‌ലാറ്റിലെ ജനാലയിലൂടെ നോട്ടുകെട്ടുകൾ പുറത്തേക്കെറിഞ്ഞ് സർക്കാർ എൻജിനീയർ. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. പരിശോധനയിൽ സംസ്ഥാന ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയുടെ പക്കൽ നിന്ന് കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്.
ഒഡീഷയിലെ അംഗുൽ, ഭുവനേശ്വർ, പിപിലി (പുരി) എന്നിവിടങ്ങളിലെ ഏഴ് സ്ഥലങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡുകളിൽ ഏകദേശം 2.1 കോടി രൂപയാണ് വിജിലൻസ് കണ്ടെടുത്തത്. ഇയാളുടെ ഭുവനേശ്വറിലെ ഫ്‌ലാറ്റിൽ നിന്ന് ഒരു കോടി രൂപയും അംഗുലിലെ വസതിയിൽ നിന്ന് 1.1 കോടി രൂപയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
റെയ്ഡിനായി ഉദ്യോഗസ്ഥർ ഫ്‌ലാറ്റിലേക്ക് എത്തുന്നത് കണ്ട സാരംഗി 500ന്റെ നോട്ടുകെട്ടുകൾ ജനാലയിലുടെ പുറത്തേക്ക് എറിയുകയായിരുന്നു. പിന്നീട് സാക്ഷികളുടെ സാന്നിധ്യത്തിലാണ് പണം വിജിലൻസ് കണ്ടെടുത്തത്. സാരംഗിയുടെ അംഗുലിലെ കുടുംബ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ഭുവനേശ്വറിലെ ആർഡി പ്ലാനിങ് ആൻഡ് റോഡിലെ ഓഫീസ് ചേംബറിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. ബൈകുന്ത നാഥ് സാരംഗിയുടേതല്ലാത്ത സ്രോതസുകളിൽ നിന്ന് അനധികൃതമായി വരുമാനം എത്തിയെന്ന ആരോപണത്തെ തുടർന്നാണ് വിജിലൻസ് സംഘം പരിശോധനയ്‌ക്കെത്തിയത്. 26 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. സംഘത്തിൽ എട്ട് ഡിഎസ്പിമാർ, 12 ഇൻസ്‌പെക്ടർമാർ, ആറ് എഎസ്‌ഐമാരും ഉണ്ടായിരുന്നു.