കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന, 75 കോടിയിലധികം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍

കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാൻഡിന് സമീപം ഷോപ്പിങ് കോംപ്ലക്‌സിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. 75 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന സ്ഥാപനത്തിന്റെ ഗോഡൗൺ പൂർണമായും കത്തി നശിച്ചിരുന്നു. കെട്ടിടത്തിലെ മരുന്ന് ഗോഡൗണിനും തീപിടിത്തത്തിൽ നാശം സംഭവിച്ചിരുന്നു.


ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീപിടിത്തം രാത്രി 11 മണിയോടെ നിയന്ത്രണ വിധേയമാക്കിയത്. ആശങ്കകളുടെ മണിക്കൂറുകൾക്ക് ശേഷം മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ എത്തിച്ച് കെട്ടിടത്തിന്റെ ചില്ലുൾപ്പെടെ തകർത്താണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്.


തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ഇന്ന് ഫയർ ഫോഴ്‌സ് വിഗ്ധ പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. അതിനിടെ തീപിടിത്തം ഉണ്ടായ കെട്ടിടം ഭാഗികമായി തുറന്നു നൽകി. തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് കോർപറേഷൻ തലത്തിൽ സ്റ്റിയറിങ്ങ് കമ്മിറ്റി ചേർന്ന് സംഭവം വിലയിരുന്നു. തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കും എന്നും മേയർ അറിയിച്ചു.


തീപിടിത്തത്തിൽ സർക്കാർ ഇന്നലെ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറിയുടെ നിർദേശം. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുമെന്ന് കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചികരിച്ചിരുന്നു. ഫയർഫോഴ്സ് എത്താൻ വൈകിയോ എന്നുൾപ്പെടെ പരിശോധിക്കുമെന്നും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ പറഞ്ഞിരുന്നു. നഗരത്തിലുണ്ടായിരുന്ന ഏക ഫയർ സ്റ്റേഷനായ ബീച്ച് ഫയർ സ്റ്റേഷൻ ഒഴിവാക്കിയത് നഗരത്തിൽ തീപിടിത്തം തടയുന്നതിൽ പ്രതിസന്ധിയുണ്ടാക്കി എന്ന് ആക്ഷേപം ഉയർന്നിരുന്നു.

Previous Post Next Post