'അമ്മേ പേടിയാകുന്നു, ഒന്ന് വാ' എട്ടുവയസുകാരിക്കു മര്‍ദനം; പ്രാങ്ക് അല്ലെന്നു പൊലീസ്, പിതാവ് കസ്റ്റഡിയില്‍

കണ്ണൂർ: എട്ടുവയസുകാരിയെ അതിക്രൂരമായി മർദിക്കുന്നതായുള്ള ദൃശ്യം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. കണ്ണൂർ ചെറുപുഴ പ്രാപ്പൊയിലിൽ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൾ ഐപിഎസ് ചെറുപുഴ പൊലീസിന് നിർദേശം നൽകിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂർ റൂറൽ പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.


സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താൻ ചൈൽഡ് ലൈൻ പ്രവർത്തകരോട് ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. മകളെ പിതാവ് ക്രൂരമായി മർദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നിരുന്നു.


കാസർകോട് ചിറ്റാരിക്കൽ സ്വദേശിയാണ് ജോസ്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയിൽ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കൽ നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉൾപ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാൽ ഇക്കാര്യം പുർണമായി വിശ്വസിക്കാൻ പൊലീസ് ഉൾപ്പെടെ തയ്യാറായിട്ടില്ല.


എന്നാൽ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കർശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉൾപ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവർത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.


എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളാണ് ജോസിനുള്ളത്. ഇതിൽ പന്ത്രണ്ടുവയസുകാരനായ സഹോദരനാണ്, പെൺകുട്ടിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. വിഡിയോയുമായി ബന്ധപ്പെട്ട് കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ മുടിയിൽ പിടിച്ച് നിലത്തടിക്കുന്നതും ചുമരിലിടിക്കുന്നതും വലിച്ചെറിയുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങൾ. കൈയിൽ കത്തിയെടുത്ത് വെട്ടാൻ ഓങ്ങുമ്പോൾ 'അച്ഛാ' എന്ന് കുട്ടി കരഞ്ഞ് വിളിക്കുന്നുണ്ട്. 'എന്നെ തല്ലല്ലേ' എന്നും കുട്ടി പറയുന്നു. 'അമ്മേ പേടിയാകുന്നു, ഒന്ന് വാ' എന്ന് വീഡിയോയിൽ കുട്ടികൾ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.

Previous Post Next Post