ന്യൂഡൽഹി: എല്ലാ സേവനങ്ങളും ഒറ്റ ആപ്പിൽ ലഭ്യമാകുന്ന 'സ്വാറെയിൽ' ആപ്പ് പുറത്തിറക്കി ഇന്ത്യൻ റെയിൽവെ. തെരഞ്ഞെടുത്ത ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് സ്വാറെയിലിന്റെ ബീറ്റ പതിപ്പ് ലഭ്യമാണ്.
ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഐആർസിടിസി ക്രഡൻഷ്യൽ വഴിയോ അല്ലെങ്കിൽ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്തോ ഉപയോഗിക്കാം. ഐആർസിടിസി റെയിൽ കണക്ട്, യുടിഎസ് തുടങ്ങി നേരത്തെ റെയിൽവേയുടെ ഓരോ സേവനങ്ങൾക്കും പ്രത്യേകം ആപ്പുകൾ ഉപയോഗിക്കണമായിരുന്നു. എന്നാൽ റെയിൽവെയുമായി ബന്ധപ്പെട്ടുള്ള എല്ലാ സേവനങ്ങളും ഒരുമിച്ച് ഒരു ആപ്പിലൂടെ ലഭ്യമാണ് എന്നതാണ് സ്വാറെയിലിന്റെ സവിശേഷത.
വളരെ എളുപ്പത്തിൽ ലോഗിൻ ചെയ്ത് ഉപയോഗിക്കാമെന്നതാണ് സ്വാറെയിലിന്റെ മറ്റൊരു പ്രത്യേകത. യുടിഎസ് ആപ്പിലും റെയിൽ കണക്ട് ആപ്പിലും ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ക്രെഡൻഷ്യൽ ഉപയോഗിച്ച് സ്വാറെയിലും ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കും.
റെയിൽവെ മന്ത്രാലയത്തിന് കീഴിലുള്ള CRIS (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ആണ് സ്വാറെയിൽ ആപ്പ് വികസിപ്പിച്ചെടുത്തത്.
എല്ലാത്തരം യാത്രക്കാർക്കും പ്രയോജനപ്പെടുത്താവുന്ന ഔദ്യോഗിക പ്ലാറ്റ്ഫോമാണിത്.
സ്വാറെയിൽ ആപ്പ് വഴി നിങ്ങൾക്ക് ട്രെയിൻ സമയങ്ങൾ, റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും കഴിയും.
'മൈ ബുക്കിംഗ്‌സ്' എന്ന വിഭാഗത്തിൽ ട്രാവൽ ഹിസ്റ്ററിയും സൂക്ഷിക്കാൻ കഴിയും.
സ്വാറെയിൽ ഒരൊറ്റ സൈൻ-ഓൺ സംവിധാനമാണെങ്കിലും ഒന്നിലധികം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
യാത്രക്കാർക്ക് റെയിൽ കണക്റ്റ് അല്ലെങ്കിൽ ഐആർസിടിസി ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാനോ പുതിയൊരെണ്ണം സൃഷ്ടിക്കാനോ കഴിയും
ട്രെയിൻ തത്സമയം ട്രാക്ക് ചെയ്യാൻ ആപ്പിലൂടെ സാധിക്കും
കൂടാതെ ട്രെയിൻ വൈകുന്നതടക്കമുള്ള നിർണായക വിവരങ്ങൾ ആപ്പിൽ ലഭ്യമാകും
ട്രെയിനിൽ നിങ്ങളുടെ കോച്ച് എവിടെയാണെന്ന് പരിശോധിക്കാൻ ആപ്പിന് നിങ്ങളെ സഹായിക്കാനാകും
ട്രെയിനിൽ കയറുമ്പോൾ ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്യാൻ ആപ്പിലൂടെ സാധിക്കും
പ്ലാൻ ഷിപ്പ്‌മെന്റ്, ട്രാക്ക് ഷിപ്പ്‌മെന്റ്, ടെർമിനൽ ഫൈൻഡർ തുടങ്ങിയ സേവനങ്ങളും ഉണ്ട്.
ഇന്ത്യൻ റെയിൽവേയിൽ പരാതികൾ അറിയിക്കുന്നതിനും അവ ട്രാക്ക് ചെയ്യുന്നതിനുമായി 'റെയിൽ മദദ്' എന്ന ഫീച്ചർ ലഭ്യമാണ്
ആപ്പിലെ ഡിജിറ്റൽ വാലറ്റായ ആർ-വാലറ്റ് ഉപയോഗിച്ച് യാത്രക്കാർക്ക് പണമടയ്ക്കാം.
റദ്ദാക്കിയതോ, മുടങ്ങിയതോ ആയ യാത്രകൾക്ക് ആപ്പ് വഴി റീഫണ്ട് ലഭിക്കും
ആപ്പിന്റെ സേവനം ഒന്നിലധികം ഭാഷകളിൽ ലഭ്യമാണ്
