'സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല, മെസി വരാത്തതിന്റെ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്ക്': കായിക മന്ത്രി

തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ടീമും ക്യാപ്റ്റൻ ലയണൽ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂർണ ഉത്തരവാദിത്തം സ്‌പോൺസർക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാൻ. മെസിയെ കൊണ്ടുവരുന്നത് സർക്കാരല്ല, സ്‌പോൺസറാണെന്നും മന്ത്രി പറഞ്ഞു.


മെസിയെ കൊണ്ടുവരുമെന്ന് സ്പോൺസർഷിപ്പ് ഏറ്റ റിപ്പോർട്ടർ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാർത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ കയ്യിൽ ഇത്രയധികം പണമില്ല. സ്‌പോൺസർഷിപ്പിൽ നിന്ന് പിൻമാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.


ഒക്ടോബറിൽ മെസി കേരളത്തിൽ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞിരുന്നത്. എന്നാൽ ഈ സമയം അർജൻറീന ടീം ചൈനയിൽ ആയിരിക്കുമെന്ന് ഏതാണ്ട സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സർക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തിൽ പ്രതികരിക്കാറില്ലായിരുന്നു.


2011 ലാണ് ഇതിന് മുമ്പ് അർജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ൽ ഖത്തറിൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന് കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷൻ നന്ദി പറഞ്ഞിരുന്നു.


അർജന്റീന ഒക്ടോബറിൽ ചൈനയിൽ രണ്ട് മത്സരങ്ങൾ കളിക്കും. ഒരു മത്സരത്തിൽ ചൈന എതിരാളികളാവും. നവംബറിൽ ആഫ്രിക്കയിലും ഖത്തറിലും അർജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തിൽ അംഗോള എതിരാളികൾ. ഖത്തറിൽ അർജന്റീന അമേരിക്കയെ നേരിടും. ഈ വർഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിക്കും.

Previous Post Next Post