മെസിയുടെ സന്ദര്‍ശനത്തിന്റെ മറവില്‍ വന്‍ പണപ്പിരിവ്; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: മെസിയുടെ സന്ദർശനത്തിന്റെ മറവിൽ കേരളത്തിൽ വൻ പിരിവ് നടന്നതായി മുഖ്യമന്ത്രിക്ക് പരാതി. മെസിയും അർജന്റീന ടീമും വരുന്നതിന്റെ ചെലവുകൾ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഓൾ കേരള ഗോൽഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷന്റെ ഒരു വിഭാഗം വൻ തുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി സ്വർണവ്യാപാരി സംഘടനയായ എകെജിഎസ്എംഎ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ, ട്രഷറർ സിവി കൃഷ്ണദാസ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.


കായിക മന്ത്രിയെയും, സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ച് സ്വർണ വ്യാപാര മേഖലയിൽ നിന്നും ജസ്റ്റിൻ പാലത്തറ വിഭാഗം കോടികൾ പിരിച്ചെടുത്തെന്നും, തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് സംഘടനയുടെ ആവശ്യം. കായിക മന്ത്രിയോടൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത് തങ്ങളാണ് മെസിയെ കൊണ്ടുവരുന്നത് എന്ന് ജസ്റ്റിൻ വിഭാഗം പ്രചരണം നടത്തിയിരുന്നു. മെസിയെ കേരളത്തിൽ കൊണ്ടുവരുന്നത് തങ്ങളാണെന്ന് പ്രചരിപ്പിച്ച് ആറുമാസം നീണ്ടുനിൽക്കുന്ന ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായി 'ഒലോപ്പോ' എന്ന ആപ്പ് നിർമ്മിച്ചു 10000 രൂപ വീതം അംഗത്വ ഫീസ് സ്വീകരിച്ച്, ഒട്ടേറെ ജ്വല്ലറികളിൽ നിന്നും പണം തട്ടിയതായാണ് പരാതിയിൽ പറയുന്നു.


സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും, സ്വർണ്ണ വ്യാപാരികളുടെ ഇടയിൽ നിന്നും വലിയ തോതിൽ സംഭാവന സ്വീകരിക്കുകയും,17.5 കിലോ സ്വർണം സമ്മാനമായി നൽകും എന്നൊക്കെ പറഞ്ഞു തട്ടിപ്പ് നടത്തുകയും ചെയ്ത സംഘടനയെക്കുറിച്ച് സർക്കാർതലത്തിൽ അന്വേഷണം നടത്തണമെന്നും ഇവരുടെ തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Previous Post Next Post