സിസ്റ്റര്‍ അനുപമ സഭാ വസ്ത്രം ഉപേക്ഷിച്ചു; ഐടി സ്ഥാപനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിൽ കന്യാസ്ത്രീയെ പിന്തുണച്ച് രംഗത്തു വരികയും സമരം നടത്തുകയും ചെയ്ത സിസ്റ്റർ അനുപമ  സഭാവസ്ത്രം ഉപേക്ഷിച്ചു. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവിൽ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇൻഫോപാർക്കിലെ ഐടി സ്ഥാപനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്.


ജലന്തർ രൂപതയുടെ കീഴിൽ കോട്ടയം കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോം സന്യാസമഠത്തിൽ നിന്ന് ഒന്നര മാസം മുൻപാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. സിസ്റ്റർ അനുപമയെക്കൂടാതെ, സിസ്റ്റർ നീന റോസ്, സിസ്റ്റർ ജോസഫൈൻ എന്നിവർ കൂടി മഠം വിട്ടതായി റിപ്പോർട്ടുകളുണ്ട്.


മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗങ്ങളായിരുന്നു ഇവർ. കത്തോലിക്ക സഭയെ പിടിച്ചുലച്ച കേസായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ ആരോപണം. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.


പീഡനക്കേസിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ പരസ്യമായി സമരത്തിനിറങ്ങിയത്. കുറവിലങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2018 സെപ്റ്റംബറിൽ ബിഷപ്പ് അറസ്റ്റിലായി. 105 ദിവസം നീണ്ട വിചാരണ നടപടികൾക്ക് ശേഷം കോട്ടയം ജില്ല അഡീഷണൽ സെഷൻസ് കോടതി 2022 ജനുവരി 14 ന് ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിടുകയായിരുന്നു.

Previous Post Next Post