കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായ (heavy rain) സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി (Disaster). കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ മണിമല, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു ആയതിനാൽ നദി കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
സംസ്ഥാന ജലസേചന വകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കൊള്ളിക്കൽ സ്റ്റേഷൻ) നദിയിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം (മൈലാംമൂട് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ മണിമല (തോണ്ട്രവ്രള്ളംകുളം സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ), വയനാട് ജില്ലയിലെ കബനി (കാക്കവയൽ, മുത്തങ്ങ സ്റ്റേഷൻ) എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു.
സാഹചര്യത്തിൽ ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.