മഴ മുന്നറിയിപ്പില്‍ മാറ്റം; കോട്ടയത്ത് ഉൾപ്പടെ റെഡ് അലര്‍ട്ട്, 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.


രാവിലെ പത്തു മണിക്കു പുറപ്പെടുവിച്ച മുന്നറിയിപ്പു പ്രകാരം 3 മണിക്കൂറിൽ ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയിൽ എറണാകുളം കൂത്താട്ടുകുളത്ത് തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. മണ്ണത്തൂർ കരയിൽ അന്നക്കുട്ടി (80) ആണ് മരിച്ചത്. വ്യാഴാഴ്ച ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ മരം ഒടിഞ്ഞു അന്നക്കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു.


തലശേരി പാട്യത്ത് ഒരു സ്ത്രീയെ കാണാതായി. മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നളിനിയെ കാണാതായത്. ഒഴുക്കിൽപ്പെട്ടതാണെന്നാണ് സംശയിക്കുന്നത്.നാട്ടുകാരും ഫയർഫോഴ്‌സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.


മലപ്പുറം കാളികാവ് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി. പരിയങ്ങാട് സ്വദേശി അബ്ദുൽ ബാരിയെയാണ് കാണാതായത്.ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.


Previous Post Next Post