നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിൽ ഒരു പകൽ കൂടി കാത്തിരിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. കോൺസ്രിലെയും യുഡിഎഫിലേയും പ്രധാനപ്പെട്ട നേതാക്കൾ ആവശ്യപ്പെട്ട പ്രകാരമാണിതെന്നും അൻവർ അറിയിച്ചു.
ഇന്ന് രാവിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്താൻ അൻവർ വാർത്താസമ്മേളനം വിളിച്ചിരുന്നു. ആ പ്രഖ്യാപനം ഇപ്പോൾ നടത്തുന്നില്ലെന്ന് പറഞ്ഞ അൻവർ, 'യുഡിഎഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകൽകൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളടക്കം കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോൾ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാൻ കഴിയില്ല' എന്നും പറഞ്ഞു.
വാർത്താ സമ്മേളനം വിളിച്ച് പറയാനിരുന്നത് ഇപ്പോൾ പറയുന്നില്ലെന്നും മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുണ്ടെന്നും അൻവർ പറഞ്ഞു. യുഡിഎഫിൽ ഘടകകക്ഷിയാക്കാതെ ഇനി ചർച്ചയില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അൻവറിന്റെ മുന്നണി ബന്ധത്തിൽ തീരുമാനമെടുക്കാൻ ഇന്ന് യുഡിഎഫിന്റെ നിർണായക യോഗം ചേരുന്നുണ്ട്.
അൻവർ ആദ്യം യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ള കോൺഗ്രസ് നേതാക്കൾ എടുത്ത സമീപനം. ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യുഡിഎഫ്. അന്തിമതീരുമാനമെടുക്കാൻ രാത്രി ഏഴു മണിക്കാണ് യുഡിഎഫ് യോഗം ഓൺലൈനായി ചേരുന്നത്.