ഫെബ്രുവരി 14-നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുശ്വാസകോശങ്ങളിലേക്കും അണുബാധ വ്യാപിച്ച് ഡബിള്‍ ന്യുമോണിയയായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാൽ ഇന്നലെ പെട്ടെന്ന് തുടർച്ചയായ ഛർദ്ദിയും ശ്വാസതടസവും ഉണ്ടാവുകയും ആരോഗ്യനില വീണ്ടും വഷളാവുകയും ചെയ്തുവെന്ന് വത്തിക്കാൻ അറിയിച്ചു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ 21-ാം വയസിൽ തന്നെ ഒരു ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. അതു സംബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. അതിനൊപ്പമാണ് ന്യുമോണിയ കൂടി ഉണ്ടാകുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികളോട് അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കാൻ വത്തിക്കാൻ അഭ്യാഥിച്ചു.
എന്താണ് ഡബിൾ ന്യുമോണിയ
ന്യുമോണിയയെ കുറിച്ച് നമ്മൾ പതിവായി കേൾക്കാറുണ്ടെങ്കിൽ ഡബിൾ ന്യുമോണിയ പലർക്കും പരിചിതമല്ല. ബാക്ടീരിയ, വൈറസ്, ഫംഗസ്, മൈകോപ്ലാസ്മ തുടങ്ങിയ സൂക്ഷ്മാണുക്കൾ ശ്വാസകോശത്തെ ബാധിക്കുമ്പോഴുണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ. ശ്വാസകോശത്തിലെ വായു അറകളെയാണ് ഇവ പ്രധാനമായും ബാധിക്കുക. തുടര്‍ന്ന് ഈ ഭാഗത്ത് നീര്‍ക്കെട്ടോ പഴുപ്പോ ഉണ്ടാകുന്നു. ഇത് ശ്വാസത്തിനും ഓക്‌സിജന്‍ സ്വീകരിക്കുന്നതിനും തടസമുണ്ടാക്കും. ഇത്തരം അണുബാധ രണ്ട് ശ്വാസകോശങ്ങളേയും ബാധിക്കുന്നതാണ് ഡബിള്‍ ന്യുമോണിയ. ഇത് സാധാരണ ന്യുമോണിയയേക്കാളും ഗുരുതരമാണ്.
ശ്വാസകോശത്തില്‍ വലത് ഭാഗത്ത് മൂന്ന് ലോബുകളും ഇടത് ഭാഗത്ത് രണ്ട് അറകളുമാണുള്ളത്. ഒന്നിലധികം ലോബുകളില്‍ ന്യൂമോണിയ ഉണ്ടാകുന്നതിനെ മള്‍ട്ടി ലോബാര്‍ ന്യൂമോണിയ എന്നാണ് പറയുക. അതു ചിലപ്പോള്‍ ഒരുവശത്ത് മാത്രമാകാം. അല്ലെങ്കില്‍ രണ്ട് വശത്തേയും ബാധിക്കാം. അപ്പോഴാണ് ഡബിള്‍ ന്യുമോണിയയായി മാറുന്നത്. ലോബുകളിലുണ്ടാകുന്ന അണുബാധ അല്ലാതെയും ന്യുമോണിയ ഉണ്ടാകും. ശ്വാസകോശത്തിന്റെ വിവിധ കലകളുടെ ചില ഭാഗങ്ങളില്‍ ചെറിയ തുരുത്തുകളായി അണുബാധ ഉണ്ടാകും.
ഇതിനെ ബ്രോങ്കോ ന്യൂമോണിയ എന്നാണ് പറയുന്നത്. ഇതും രണ്ട് ശ്വാസകോശത്തേയും ബാധിക്കാം. എന്നാല്‍ മാര്‍പാപ്പയെ ബാധിച്ചിരിക്കുന്നത് പോളിമൈക്രോബിയല്‍ അണുബാധയാണ്. ഒന്നിലധികം സൂക്ഷ്മാണുക്കള്‍ കാരണമാണ് ഇത് സംഭവിക്കുന്നത്. അതിനാല്‍ കൂടുതല്‍ സങ്കീര്‍ണമായ ചികിത്സ ഇതിന് ആവശ്യമാണ്.