വിവാഹം കഴിഞ്ഞിട്ട് ഒരുമാസം; നിയമ വിദ്യാര്‍ഥിനി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: പയ്യോളിയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണനാണ് മരിച്ചത്. 25 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ആര്‍ദ്രയെ വീടിന് മുകളില്‍ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുളിക്കാന്‍ പോയ ആര്‍ദ്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുകള്‍ നിലയിലെ മുറി പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ തകര്‍ത്തുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ആര്‍ദ്ര.

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആര്‍ദ്രയും ഷാനും തമ്മില്‍ ഉള്ള വിവാഹം.എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആര്‍ദ്രയുടെ ബന്ധുക്കള്‍ പറഞ്ഞു. മരണകാരണം പൊലീസ് അന്വേഷിക്കട്ടെയെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതായും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു.

Previous Post Next Post