ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ യോഗത്തില്‍ പൊലീസും എക്‌സൈസും അവതരിപ്പിക്കും. വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന അടക്കമുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. ലഹരി വ്യാപനം തടയുന്നതിനായി ഈ മാസം 30 ന് വിദ്യാർത്ഥി-യുവജന സംഘടനകളുടെ യോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
ലഹരിക്കെതിരെ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ എക്‌സൈസ്- പൊലീസ് ഉന്നത തല യോഗത്തില്‍ തീരുമാനിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍, ലേബര്‍ ക്യാമ്പുകള്‍, പാര്‍സല്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തും. അന്തര്‍ സംസ്ഥാന ബസുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.