കേരളത്തിന്റെ അഭിമാനമായി വിഗ്നേഷ് പുത്തൂർ; അരങ്ങേറ്റത്തില്‍ 3 വിക്കറ്റുകള്‍

മുംബൈ ഇന്ത്യൻസിന്റെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തില്‍ എല്ലാവരെയും ഞെട്ടിച്ച്‌ മലയാളി താരം വിഗ്നേഷ് പുത്തൂർ മത്സരത്തില്‍ രോഹിത് ശർമയ്ക്ക് പകരം ഇംപാക്റ്റ് പ്ലെയറായി വന്ന വിഗ്നേഷ് പുത്തൂർ തകർപ്പൻ ബോളിങ്‌ പ്രകടനമാണ് കാഴ്ചവച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അടിയറവ് പറഞ്ഞ മുംബൈ ഇന്ത്യൻസിനെ തിരികെ കൊണ്ടുവരാൻ വിഗ്നേഷ് പുത്തൂരിന് സാധിച്ചു. നിർണായക സാഹചര്യങ്ങളില്‍ ചെന്നൈ നായകൻ ഋതുരാജ്, വെടിക്കെട്ട് ബാറ്റർമാരായ ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന്റെ യുവതാരം സ്വന്തമാക്കിയത്.

മത്സരത്തില്‍ ചെന്നൈ ഇന്നിങ്സിലെ എട്ടാമത്തെ ഓവറിലാണ് വിഗ്നേഷ് പുത്തൂർ ബോളിങ് ക്രീസിലെത്തിയത്. വിഗ്നേഷിന്റെ ആദ്യ 4 പന്തുകളെ വളരെ വിനയത്തോടെ തന്നെ ചെന്നൈ ബാറ്റർമാർ നേരിട്ടു. എന്നാല്‍ അഞ്ചാം പന്തില്‍ വിഗ്നേഷ് പുത്തൂരിനെതിരെ ഒരു സിക്സർ നേടാൻ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാഡ് ശ്രമിക്കുകയുണ്ടായി. പക്ഷേ ഇത് വേണ്ട രീതിയില്‍ കണക്‌ട് ചെയ്യാൻ താരത്തിന് സാധിച്ചില്ല. ഇതോടെ ലോങ് ഓഫില്‍ നിന്ന ഫീല്‍ഡർ വില്‍ ജാക്സ് പന്ത് കൈപിടിക്കുകയുണ്ടായി. 26 പന്തുകളില്‍ 53 റണ്‍സ് നേടിയ ഋതുരാജ് ഇതോടെ കൂടാരം കയറി. മാത്രമല്ല മലയാളി താരത്തിന് തന്റെ ഐപിഎല്‍ കരിയറിലെ ആദ്യ വിക്കറ്റും ഇങ്ങനെ ലഭിച്ചു.

പിന്നീട് തന്റെ തൊട്ടടുത്ത ഓവറില്‍ തന്നെ അപകടകാരിയായ ശിവം ദുബെയെ പുറത്താക്കാനും വിഗ്നേഷിന് സാധിച്ചു. വിഗ്നേഷിന്റെ സ്ലോ ബോളിനെതിരെ ഒരു സിക്സർ പറത്താൻ ശ്രമിക്കുകയായിരുന്നു ദുബെ. എന്നാല്‍ ഇത്തവണ തിലക് വർമയുടെ കയ്യിലാണ് പന്ത് ചെന്ന് പതിച്ചത്. ഇതോടെ വിഗ്നേഷിന് മത്സരത്തിലെ രണ്ടാം വിക്കറ്റും ലഭിച്ചു. ഇങ്ങനെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട മുംബൈ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ കേരളത്തിന്റെ യുവതാരത്തിന് സാധിച്ചു. പിന്നീട് അടുത്ത ഓവറില്‍ ദീപക് ഹൂഡയുടെ വിക്കറ്റാണ് വിഗ്നേഷ് പുത്തൂർ സ്വന്തമാക്കിയത്.

വിഗ്നേഷിനെതിരെ ഒരു വമ്ബൻ സിക്സർ നേടാൻ ശ്രമിച്ച ഹൂഡയെ മുംബൈയുടെ അരങ്ങേറ്റതാരമായ സത്യനാരായണ രാജു ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇങ്ങനെ മത്സരത്തില്‍ 3 വിക്കറ്റുകളാണ് കേരള താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്.

നിശ്ചിത നാലോവറുകളില്‍ കേവലം 32 റണ്‍സ് മാത്രം വിട്ട് നല്‍കിയിരുന്നു വിഗ്നേഷ് പുത്തൂർ 3 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. കേരളത്തെ സംബന്ധിച്ച്‌ ഇതൊരു അഭിമാന നിമിഷം തന്നെയാണ്. വരും മത്സരങ്ങളിലും വിഗ്നേഷഷിന് അവസരം കിട്ടുമെന്ന് കാര്യം ഇതോടെ ഉറപ്പായിട്ടുണ്ട്.
Previous Post Next Post