തമിഴ്‌നാട് വെള്ളരിനഗര്‍ നിവാസിയാണ് കൊല്ലപ്പെട്ട മാനു. നൂല്‍പ്പുഴ കാപ്പാട് നഗറിലെ ബന്ധു വീട്ടില്‍ വിരുന്നിന് എത്തിയതാണ് മാനുവും ഭാര്യയും. ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്. വെള്ളരിനഗറില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് കാപ്പാട് നഗര്‍. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.
വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും, മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടായിട്ടും ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ജൂലൈയിലും നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്നു ജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. രണ്ടു മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒമ്പതു പേരാണ്. ഉള്‍ക്കാട്ടില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കേണ്ട എല്ലാ സഹായവും നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.