മുല്ലപ്പെരിയാര്‍: അണക്കെട്ട് പൊളിക്കാനാണ് കേരളത്തിന്റെ ശ്രമമെന്ന് തമിഴ്‌നാട്, ജനങ്ങളുടെ ജീവന് വിലയില്ലേയെന്ന് കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊളിക്കുകയെന്ന ലക്ഷ്യമിട്ടാണ് കേരളം നിയമ വ്യവഹാരങ്ങള്‍ നടത്തുന്നതെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍. 25 വര്‍ഷത്തെ നിയമ വ്യവഹാരത്തിലൂടെ കേരളത്തിന്റെ മുഴുവന്‍ ശ്രമവും നിലവിലുള്ള അണക്കെട്ട് പൊളിക്കുന്ന ഒരു സാഹചര്യത്തിലേക്ക് എത്തിക്കുക എന്നതാണ്. പഴയ ഡാം പൊളിച്ച് പുതിയത് നിർമിക്കാനാണ് കേരളത്തിന്റെ ശ്രമമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലേയെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചോദിച്ചു. പുതിയ നിയമപ്രകാരം, ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കേണ്ടതാണ്. എന്നാല്‍ തമിഴ്‌നാട് അത് അവഗണിക്കുകയാണെന്നും കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ ശേഖര്‍ നാഫഡെ പറഞ്ഞു. തമിഴ്‌നാടിന് അനുകൂലമായ എന്തെങ്കിലും തീരുമാനമുണ്ടായാല്‍ ആരെങ്കിലും കോടതിയില്‍ റിട്ട് പെറ്റീഷനുമായി കോടതിയെ സമീപിക്കുന്ന സ്ഥിതിയാണ്. കോപ്പറേറ്റീവ് ഫെഡറലിസം എന്ന ഭരണഘടനാ തത്വം അംഗീകരിക്കാന്‍ കേരളം തയ്യാറാകണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ കേരളവും തമിഴ്‌നാടും സ്‌കൂള്‍ കുട്ടികളെപ്പോലെ വഴക്കടിക്കുകയാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. 15 മരങ്ങള്‍ മുറിക്കണം, തടാകത്തില്‍ ബോട്ടിന് അനുമതി നല്‍കണം, അറ്റകുറ്റപ്പണികള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സാന്നിധ്യത്തില്‍ നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഇതിനെല്ലാം ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു.

അണക്കെട്ട് വിഷയത്തില്‍ മേല്‍നോട്ട സമിതി തമിഴ്‌നാട് ഉന്നയിക്കുന്ന വിഷയങ്ങല്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. മേല്‍നോട്ട സമിതി ചെയര്‍മാന്‍ ഇരുസംസ്ഥാനങ്ങളുടേയും യോഗം വിളിക്കണം. ഇരുഭാഗത്തും സ്വീകാര്യമായ പരിഹാരം കണ്ടെത്തണം. തര്‍ക്കമുണ്ടെങ്കില്‍ മോല്‍നോട്ട സമിതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോ ഇതെന്നും സുപ്രീംകോടതി ചോദിച്ചു.

Previous Post Next Post