നെന്മാറ ഇരട്ട കൊലപാതകം; ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷയൊരുക്കി പൊലീസ്

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസില്‍ പ്രതി ചെന്താമരയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന പോത്തുണ്ടിയിലും ചെന്താമരയുടെ വീട്ടിലുമെത്തിച്ചുമാണ് തെളിവെടുപ്പ് നടത്തുന്നത്. ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കുന്നത്. പോത്തുണ്ടിയിൽ മാത്രം നൂറോളം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് സൂചന.

നേരത്തെ പ്രതിയുടെ സുരക്ഷ കണക്കിലെടുത്ത് ആലത്തൂരിലെ ജയിലില്‍ നിന്ന് വീയൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം 27നാണ് അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടികൊലപ്പെടുത്തുന്നത്. സുധാകരന്റെ ഭാര്യ സജിതയെ കൊന്ന കേസില്‍ ജയിലില്‍ നിന്ന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയാണ് വീണ്ടും രണ്ട് കൊലപാതകങ്ങളും നടത്തിയത്.

രണ്ട് ദിവസത്തേക്കാണ് പൊലീസ് ചെന്താമരയെ കസ്റ്റഡിയില്‍ ആവശ്യപ്പെടിരിക്കുന്നത്. ഇന്നും നാളെയുമായി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് തീരുമാനം. ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷത്തിലാണ് പ്രതി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ്. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

Previous Post Next Post