കോഹ്‍ലി അല്ല, രജത് പടിദാർ ആർസിബി ക്യാപ്റ്റൻ

 

ബംഗളൂരു: ഐപിഎല്‍ 2025ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ രജത് പടിദാര്‍ നയിക്കും. ഫാഫ് ഡുപ്ലെസിക്ക് പകരമാണ് പുതിയ സീസണിലേക്ക് 31കാരനായ രജതിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ചാണ് ആര്‍സിബി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ മെഗാ ലേലത്തിനു മുന്‍പ് ഫാഫ് ഡുപ്ലെസിയെ ടീം റീലിസ് ചെയ്തിരുന്നു.

ഇതോടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വീണ്ടും ആര്‍സിബിയെ നയിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ രജതിനാണ് നറുക്കു വീണത്. കോഹ്‌ലിയുടെ നിര്‍ദ്ദേശവും കണക്കിലെടുത്താണ് രജതിനു നായക സ്ഥാനം നല്‍കിയത്.

'ഈ ഫ്രാഞ്ചൈസിയിലേക്ക് താങ്കൾ എത്തിയതും വളർന്ന രീതിയും പ്രകടനങ്ങളും എല്ലാ ആർസിബി ആരാധകരുടേയും ഹൃദയം കവരുന്നതായിരുന്നു. താങ്കൾ അർഹിച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഞാനും മറ്റ് ടീം അം​ഗങ്ങളുടെ താങ്കളുടെ പിന്നിൽ ഉറച്ചു നിൽക്കും'- ആശംകൾ നേർന്ന് വിരാട് കോഹ്‍ലി വ്യക്തമാക്കി.

2021ലാണ് രജത് പടിദാര്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. ആ സീസണ്‍ മുതല്‍ ആര്‍സിബി ബാറ്റിങിലെ നിര്‍ണായക താരമാണ്. ടീമിനെ നയിക്കുന്ന എട്ടാമത്തെ ക്യാപ്റ്റനാണ് രജത്.

ആര്‍സിബി ജേഴ്‌സിയില്‍ 27 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. 799 റണ്‍സും നേടി. 158.85 ആണ് സ്‌ട്രൈക്ക് റേറ്റ്. മെഗാ ലേലത്തിനു മുന്‍പ് ടീം നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ ഒരാളാണ് രജത് പടിദാര്‍. വിരാട് കോഹ്‌ലി, യഷ് ദയാല്‍ എന്നിവരാണ് ടീം നിലനിര്‍ത്തിയ മറ്റു താരങ്ങള്‍.

Previous Post Next Post