മാട്രിമോണിയല്‍ സൈറ്റ് വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ കേസെടുത്ത് പൊലീസ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കളമശ്ശേരി സ്വദേശിയായ യുവതിയുടെ പരാതിയില്‍ പൊലീസ് പ്രവാസി യുവാവിനെതിരെ കേസ് എടുത്തത്. ഇയാളെ ഉടൻ പിടികൂടിയില്ലെങ്കില്‍ കൂടുതല്‍ പേർ തട്ടിപ്പിന് ഇരയാകുമെന്ന ആശങ്കയിലാണ് പരാതിക്കാരി. പുനർ വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റർ ചെയ്യുന്ന സ്ത്രീകളെ ആള് മാറാട്ടം നടത്തി സാമ്ബത്തിക ചൂഷണം നടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കളമശ്ശേരി സ്വദേശിയായ യുവതി 2022ലാണ് പുനർ വിവാഹത്തിനായി വേ ടു നിക്കാഹ് എന്ന മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റർ ചെയ്തത്. ഫഹദ് എന്ന പേരില്‍ വ്യാജ മേല്‍വിലാസത്തിലാണ് അൻഷാദ് മാട്രിമോണി സൈറ്റിലൂടെ യുവതിയെ സമീപിക്കുന്നത്. യുവതിയെ ബന്ധപ്പെടുകയും, ഇവരുടെ അമ്മയോട് മകളെ വിവാഹം കഴിക്കാന താത്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. താൻ വിവാഹ മോചിതൻ ആണെന്നും അൻഷാദ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. അൻഷാദ് വിദേശത്ത് ആയതിനാല്‍ ഭാര്യ നിതയെ സഹോദരി എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. നിതയും മറ്റൊരാളും കളമശ്ശേരിയില്‍ എത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു.
പിന്നീട് ബിസിനസ് തകർന്നെന്നും സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം നാട്ടില്‍ വരാൻ പറ്റില്ല എന്നും പറഞ്ഞാണ് സഹോദരി എന്ന് പരിചയപ്പെടുത്തിയ ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പൈസ ഇടാൻ യുവാവ് ആവശ്യപ്പെട്ടത്. നാട്ടില്‍ വരാൻ പറ്റാത്തത് കാരണം ദുബൈ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ആയി ജയിലില്‍ ആണെന്നാണ് ഇയാള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചത്.
ഈ സമയം അൻഷാദ് ഒന്നര മാസത്തെ അവധിക്ക് നാട്ടില്‍ വന്നു പോയി. സംശയം തോന്നിയ യുവതി ഫഹദ് എന്ന പേരില്‍ തന്നിരുന്ന വിലാസത്തില്‍ അന്വേഷിച്ചപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാകുന്നത്. അൻഷാദിന്റെ ഭാര്യ ആണ് നിത എന്നും ദമ്ബതികള്‍ക്ക് 7 ഉം 11 ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടെന്നും പിന്നീട് യുവതിക്ക് ബോധ്യപ്പെട്ടു. തുടർന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അൻഷാദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഭാര്യ നിത നിലവില്‍ ഇടക്കാല ജാമ്യത്തിലാണ്.