എന്‍എം വിജയനുമായി ബന്ധപ്പെട്ട കോഴ ആരോപണം: പൊലീസ് കേസെടുത്തു; കെപിസിസി അന്വേഷണ സമിതി വയനാട്ടില്‍

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയ്ക്ക് കാരണമായ കോഴ വിവാദത്തില്‍ പൊലീസ് കേസെടുത്തു. വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ രണ്ട് എഫ്‌ഐആറുകളാണ് ബത്തേരി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. താളൂര്‍ സ്വദേശി പത്രോസ്, മുള്ളന്‍കൊല്ലി സ്വദേശി സായൂജ് എന്നിവരുടെ പരാതികളിലാണ് കേസെടുത്തത്. വഞ്ചന കുറ്റത്തിനാണ് കേസ്.

ബത്തേരിയിലെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് ബത്തേരി പൊലീസ് കേസെടുത്തത്. ഒമ്പതു ലക്ഷം രൂപ നല്‍കാനുണ്ടെന്ന പരാതിയാണ് പത്രോസ് നല്‍കിയത്. ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം വാങ്ങിയെന്നാണ് സായൂജിന്റെ പരാതി. അര്‍ബന്‍ ബാങ്കില്‍ മകന് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിജയന്‍ 10 ലക്ഷം രൂപ വാങ്ങിയെന്ന് മേപ്പാടി സ്വദേശി ചാക്കോ ആരോപിച്ചു. നിയമനക്കോഴ ആരോപണങ്ങളില്‍ അന്വേഷണ സംഘം കൂടുതല്‍ പേരുടെ മൊഴിയെടുത്തിട്ടുണ്ട്.

എൻ എം വിജയന്റെ ബന്ധുക്കളുടെയും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവരുടെയും മൊഴികളാണ്‌ എടുത്തത്‌. വിജയൻ ഇടപാട്‌ നടത്തിയ 15 ബാങ്കുകളിൽനിന്ന്‌ സ്‌റ്റേറ്റ്‌മെന്റ്‌ ശേഖരിച്ചു. ഇതുവരെയുള്ള പരിശോധനയിൽ 1.13 കോടിയോളം രൂപയുടെ ബാധ്യതയാണ്‌ പൊലീസ്‌ കണ്ടെത്തിയിട്ടുള്ളത്‌. ബാങ്ക്‌ നിയമനത്തിന്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ പണം നൽകിയവരുടെ മൊഴികളും രേഖപ്പെടുത്തും. ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷിക്കുന്നത്‌.

അതിനിടെ എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ അന്വേഷിക്കാൻ കോൺ​ഗ്രസ് നേതൃത്വം നിയോ​ഗിച്ച കെപിസിസി സമിതി വയനാട്ടിലെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ നാലം​ഗ സമിതിയിൽ, സണ്ണി ജോസഫ്, ടി എൻ പ്രതാപൻ, കെ ജയന്ത് എന്നിവരാണുള്ളത്. ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചൻ, ഐ സി ബാലകൃഷ്ണൻ എംഎൽഎ തുടങ്ങിയവർക്കെതിരെ ഉയർന്ന ആരോപണങ്ങളിലും കുടുംബം ഉന്നയിക്കുന്ന ആക്ഷേപങ്ങളിലും തെളിവെടുപ്പ് നടത്തും. കുടുംബത്തിന്റെ പരാതി ​ഗൗരവത്തോടെ പരി​ഗണിക്കുമെന്ന് കമ്മീഷൻ അം​ഗം സണ്ണി ജോസഫ് പറഞ്ഞു. ആരോപണവിധേയരെ മാറ്റിനിർത്തണോയെന്ന് കെപിസിസി നേതൃത്വം തീരുമാനിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Previous Post Next Post