കുരങ്ങൻമാര്‍ പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് താഴേയ്ക്ക് തള്ളിയിട്ടു; വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം.


ബീഹാർ : പത്താം ക്ലാസുകാരിയെ കുരങ്ങൻമാരുടെ സംഘം വീടിൻ്റെ മുകളില്‍ നിന്ന് തള്ളിയിട്ടു. താഴെ വീണതിന് പിന്നാലെ പെണ്‍കുട്ടി മരിച്ചു.

പ്രിയ കുമാർ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ടെറസില്‍ ഇരുന്ന് പഠിക്കുകയായിരുന്നു പ്രിയ കുമാർ. ഈ സമയം ടെറസിലേയ്ക്ക് എത്തിയ ഒരു കൂട്ടം കുരങ്ങൻമാർ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് ദൃക്സാക്ഷി പറ‍ഞ്ഞു. ബിഹാറിലാണ് സംഭവം.

കുരങ്ങൻമാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാനായി പ്രിയ ഗോവണിയിലേയ്ക്ക് ഓടി. എന്നാല്‍, കൂട്ടത്തിലെ ചില കുരങ്ങൻമാർ അക്രമാസക്തരാകുകയും പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് തള്ളിയിടുകയും ചെയ്തെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. താഴേയ്ക്ക് വീണ പ്രിയയുടെ തലയുടെ പിൻഭാഗത്തും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളുണ്ടായി. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വീട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ തലയില്‍ ഉള്‍പ്പെടെയേറ്റ ഒന്നിലധികം പരിക്കുകളാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

 പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പോസ്റ്റ്‌മോർട്ടം നടത്താൻ വിസമ്മതിച്ചതായി ഭഗവാൻപൂർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്‌എച്ച്‌ഒ) സുജീത് കുമാർ ചൗധരി പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ചുകാലമായി പ്രദേശത്ത് കുരങ്ങുകളുടെ ശല്യം വലിയ രീതിയില്‍ വർധിച്ചതായി ഗ്രാമവാസികള്‍ പറഞ്ഞു.

Previous Post Next Post